കോഴിക്കോട്: മലയാളത്തിന്റെ പുണ്യമായ പ്രിയകഥാകാരന് എം.ടി. വാസുദേവന്‍ നായര്‍ ഇന്നു നവതിയിലേക്കു കടക്കുന്നു. എഴുത്തും സിനിമയുമായി സാഹിത്യ നഭോമണ്ഡലത്തില്‍ വെള്ളിവെളിച്ചം വിതറിയ എം.ടി. കോഴിക്കോട് നടക്കാവിലെ “സിതാര’യില്‍ വിശ്രമത്തിലാണ്. നവതിയിലേക്കു കടക്കുന്ന എം.ടിക്കു സാഹിത്യലോകം ആശംസകള്‍ നേര്‍ന്നു.
കൂടല്ലൂരിലെ പുന്നയൂര്‍കുളത്ത് ടി. നാരായണന്‍നായരുടെയും മാടത്ത് തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായി 1933 ജൂലൈ 15നാണ് എംടിയുടെ ജനനം. കോളജ് വിദ്യാഭ്യാസത്തിനുശേഷം ഹൈസ്കൂള്‍ അധ്യാപകനായും ഗ്രാമസേവകനായും ജോലി ചെയ്ത എം.ടി, മാതൃഭൂമിയില്‍ ചേര്‍ന്ന ശേഷമാണു കോഴിക്കോടിന്റെ ഭാഗമായത്.
എം.ടിയുടെ സാഹിത്യലോകത്തെ ഉയര്‍ച്ചയ്ക്കു സാക്ഷ്യം വഹിച്ചത് കോഴിക്കോടാണ്. ഏറനാടന്‍ ഗ്രാമങ്ങളുടെയും നിളാ നദീതീരത്തെയും ജീവിതമാണ് എം.ടി. തന്റെ കൃതികളില്‍ പ്രധാനമായും പകര്‍ത്തിയത്. നിളയ്ക്കും കൂടല്ലൂരിനും ഏറനാടിനുമപ്പുറം മഹാഭാരതത്തിലെ മിത്തുകളും അദ്ദേഹം സാഹിത്യ രചനകളിലേക്ക് ആവാഹിച്ചു.
1995ല്‍ ജ്ഞാനപീഠവും 2005ല്‍ പദ്മഭൂഷണ്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. അമ്പതിലേറെ സിനിമകള്‍ക്ക് എം.ടി. തിരക്കഥയെഴുതി. നാലു തവണ ദേശീയ പുരസ്കാരം ലഭിച്ചു. 1973ല്‍ സംവിധാനം ചെയ്ത നിര്‍മാല്യത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കം ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് അടക്കം നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
Discussion about this post