തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന എം ശിവശങ്കര്‍ ഐ എ എസിന്റെ അനുഭവകഥ പുസ്തകരൂപത്തിൽ വരുന്നു. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിലാണ് എം ശിവശങ്കർ പുസ്തകം പുറത്തിറക്കുന്നത്.
ജയിലിലടയ്ക്കപ്പെട്ട ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണ് എന്നാണ് പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥ എന്ന ടാഗ് ലൈനോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശിവശങ്കറിനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് അടുത്തിടെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ പ്രകാരം സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. തിരിച്ചെത്തിയ ശിവശങ്കറിനെ സ്പോര്‍ട്സ് വകുപ്പില്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു.
Discussion about this post