തിരുവനന്തപുരം: സി-ടെറ്റ് അംഗീകാരവുമായി ബന്ധപ്പെട്ട് മാറ്റിവെച്ചിരുന്ന എൽ.പി., യു.പി. അധ്യാപക വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. ഡിസംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. 2024 ജനുവരി 31 വരെ അപേക്ഷിക്കാൻ സമയം നൽകും. നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് എൽ.പി., യു.പി. അധ്യാപക വിജ്ഞാപനം വരുന്നത്. സംസ്ഥാന അധ്യാപക യോഗ്യതാപരീക്ഷയ്ക്ക് (കെ-ടെറ്റ്) തത്തുല്യമായി കേന്ദ്ര അധ്യാപക യോഗ്യതാപരീക്ഷ (സി-ടെറ്റ്) അംഗീകരിക്കുന്നതിലെ സാങ്കേതികതടസ്സങ്ങൾ കാരണം എൽ.പി., യു.പി. അധ്യാപകരുടെയും വിവിധ ഭാഷാധ്യാപകരുടെയും (ഫുൾടൈം-പാർട്ട്ടൈം) വിജ്ഞാപനങ്ങൾ പി.എസ്.സി. മാറ്റിവെച്ചിരിക്കുകയായിരുന്നു.
എൽ.പി., യു.പി. അധ്യാപകയോഗ്യതകളിൽ പൊതുവിദ്യാഭ്യാസവകുപ്പിൽനിന്ന് വ്യക്തത വരുത്തിയശേഷം വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം അനുമതി നൽകി. ADVERTISEMENT ഈ മാസം വിജ്ഞാപനം വന്നില്ലെങ്കിൽ ഈ വർഷം പ്രായപരിധി പിന്നിടുന്നവർക്ക് അവസരം നഷ്ടപ്പെടുമായിരുന്നു. എൽ.പി., യു.പി. അധ്യാപകരുടേത് ഉൾപ്പെടെ യോഗം അംഗീകരിച്ച 35 കാറ്റഗറികളിലേക്കുള്ള വിജ്ഞാപനം 30-ന് പ്രസിദ്ധീകരിക്കും. വാട്ടർ അതോറിറ്റിയിൽ എൽ.ഡി. ടൈപ്പിസ്റ്റ്, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ, റീഡർ, പട്ടികജാതി വികസനവകുപ്പിൽ നഴ്സറി സ്കൂൾ ടീച്ചർ, എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ്, എൽ.ഡി. ടൈപ്പിസ്റ്റ് തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റു പ്രധാന തസ്തികകൾ.
വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ ‘മാതൃഭൂമി തൊഴിൽവാർത്ത’യിൽ പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ പമ്പ് ഓപ്പറേറ്റർ, ഫാമിങ് കോർപ്പറേഷനിൽ മെക്കാനിക്, ഹാൻഡ്ലൂം ഡിവലപ്മെന്റ് കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ് തസ്തികകൾക്ക് സാധ്യതാപട്ടിക തയ്യാറാക്കാൻ അനുമതി നൽകി. കേരള ബാങ്കിൽ ഐ.ടി. ഓഫീസർ, കയർഫെഡിൽ മെറ്റീരിയൽസ് മാനേജർ, പി.ആർ.ഡി.യിൽ ട്രാൻസ്ലേറ്റർ, ടൂറിസം വകുപ്പിൽ ഷോഫർ, പോലീസിൽ ഫോട്ടോഗ്രാഫർ തുടങ്ങി 10 തസ്തികകൾക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും നിർദേശിച്ചു.
Discussion about this post