കൊച്ചി: സംസ്ഥാനത്ത് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 62 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങൾ പൂട്ടി. എച്ച്ഐവി നിരക്ക് കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രങ്ങൾ പൂട്ടിയതെന്ന് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ പറഞ്ഞു. എച്ച്ഐവി പരിശോധനയും കൗൺസിലിംഗുകളുമാണ് ഈ കേന്ദ്രങ്ങളിൽ നടത്തിയിരുന്നത്.
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കീഴിൽ 150 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജുകൾ, ജില്ല-താലൂക്ക് ആശുപത്രികൾ, സെൻട്രൽ ജയിലുകൾ, സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുളളത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ നിർത്തലാക്കിയത്. ഒമ്പത് കേന്ദ്രങ്ങളാണ് ജില്ലയിൽ പൂട്ടിയത്.
തിരുവനന്തപുരത്തും എറണാകുളത്തും എട്ടുവീതവും തൃശൂരിൽ ഏഴും ആലപ്പുഴ, കണ്ണൂർ, കൊല്ലം ജില്ലകളിൽ അഞ്ച് കേന്ദ്രങ്ങളുമാണ് പൂട്ടിയത്. ഇടുക്കി രണ്ട്, കാസർകോട് നാല്, കോട്ടയം മൂന്ന്, പാലക്കാട്, വയനാട് രണ്ട് വീതവും പത്തനംതിട്ട, മലപ്പുറം ഒന്ന് വീതവുമാണ് നിർത്തലാക്കിയത്.
കേന്ദ്രങ്ങൾ പൂട്ടിയത് എയ്ഡ്സ് രോഗം കണ്ടെത്താനാകാതെ കൂടുതൽ പേരിലേക്ക് പടരാൻ ഇടയാക്കുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നു. മുൻവർഷങ്ങളേക്കാൾ കൂടുതൽ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് പരിഗണിക്കാതെയാണ് പ്രാദേശികമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ പൂട്ടിയതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
Discussion about this post