തിരുവനന്തപുരം: കാമുകിയെ കഴുത്ത് ഞെരിച്ചു കൊന്ന് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശി സുമിയാണ് (18) കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ (21) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുമിയുടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സുമിയും ഉണ്ണിയും മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. സുമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഉണ്ണി ആത്മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം.
ശനിയാഴ്ച ഇരുവരും തമ്മിൽ പിണങ്ങി. തുടർന്ന് സുമി ശ്വസം മുട്ടലിനുള്ള എട്ട് ഗുളികകൾ ഒരുമിച്ച് കഴിച്ചു. വീട്ടുകാർ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ ഉണ്ണിയും കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഇന്നലെ സുമിയും ഉണ്ണിയും സംസാരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. റബ്ബർ തോട്ടത്തിൽ വച്ച് ഇരുവരും തമ്മിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി.
Discussion about this post