നാഗർകോവിൽ: കാമുകനെ വിവാഹം കഴിക്കാൻ ഒന്നര വയസുള്ള കുഞ്ഞിന് ഉപ്പുമാവിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റുചെയ്‌തു. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം കുലക്കച്ചി സ്വദേശി ജഗദീഷിന്റെ ഭാര്യ കാർത്തികയാണ് (21) അറസ്റ്റിലായത്. ഇളയമകൻ ശരണാണ് മരിച്ചത്. മൂത്ത മകൾ സഞ്ജന (3) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ജഗദീഷിനെ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് കാർത്തിക ഫോണിൽ വിളിച്ച് ഇളയമകൻ ബോധംകെട്ട് വീണതായി അറിയിക്കുകയും ഉടൻതന്നെ ജഗദീഷ് വീട്ടിലെത്തി കുട്ടിയെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു. തുടർന്ന് ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, രാത്രി 10 ഓടെ മൂത്തമകൾ സഞ്ജന അച്ഛനെ കാണണമെന്ന് പറഞ്ഞതിനെ തുടർന്ന്, അമ്മൂമ്മ മാർത്താണ്ഡം സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെവച്ച് സഞ്ജനയ്‌ക്കും ബോധക്ഷയമുണ്ടായി.

ഉടൻ കുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥർ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തുടർചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയപ്പോഴാണ് സംഭവം കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ടായത്. തുടർന്ന് കാർത്തികയെ ചോദ്യം ചെയ്‌തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കാർത്തികയെ റിമാൻഡ് ചെയ്തു.

കളിയിക്കാവിള ഇൻസ്‌പെക്ടർ എഴിൽഅരസി കാർത്തികയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് കുറ്റം സമ്മതിച്ചത്. രണ്ടുമാസം മുമ്പ് മാരായപുരത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോൾ അവിടെ പച്ചക്കറിക്കട നടത്തുന്ന സുനിലുമായി കാർത്തിക അടുപ്പത്തിലായി. വിവാഹിതയല്ലെന്നു പറഞ്ഞ് സുനിലിന്റെ മൊബൈൽ നമ്പർ വാങ്ങി. തുടർന്നുള്ള അടുപ്പം പ്രണയമായി. എന്നാൽ കാർത്തിക വിവാഹിതയാണെന്ന കാര്യം സുനിലറിഞ്ഞു. ഇക്കാര്യം ചോദിച്ചപ്പോൾ വിവാഹിതയാണെന്നും തനിക്ക് ഒരുകുട്ടിയുമുണ്ടെന്ന് പറഞ്ഞതോടെ സുനിൽ ബന്ധത്തിൽ നിന്ന് പിന്മാറി. എന്നാൽ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സുനിലിനെ കാർത്തിക ശല്യപ്പെടുത്തുന്നത് പതിവായി.

കുട്ടികളെ കൊലപ്പെടുത്തിയിട്ട് ചെന്നാൽ സുനിൽ തന്നെ വിവാഹം കഴിക്കുമെന്ന ചിന്തയാണ് കുട്ടികളെ വിഷം കൊടുത്ത് കൊല്ലാൻ പ്രേരിപ്പിച്ചതെന്ന് കാർത്തിക പൊലീസിനോട് പറഞ്ഞു. വീട്ടിൽ എലിശല്യം കൂടുതലാണെന്നു പറഞ്ഞ് ജഗദീഷിനെക്കൊണ്ട് ഏതാനും ദിവസം മുമ്പ് എലിവിഷം വാങ്ങിപ്പിച്ചു. അയൽക്കാർക്ക് സംശയം തോന്നാതിരിക്കാൻ ആളുകളുടെ മുന്നിൽവച്ച് വീടിനുചുറ്റും വിഷംവയ്‌ക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാവിലെ കുട്ടികൾക്ക് സേമിയ ഉപ്പുമാവിലാണ് വിഷം കലർത്തി നൽകിയത്. സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ കാർത്തിക വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സുനിലിനെ ശല്യപ്പെടുത്തിയതായി വ്യക്തമായി.

Discussion about this post