കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയായ കാമുകിയുടെ വീട്ടിൽ അര്‍ധരാത്രിയിലെത്തിയ യുവാവിന്‍റെ ബൈക്ക് അജ്ഞാതര്‍ കത്തിച്ചതായി പരാതി. ചെറുകുന്ന് സ്വദേശിനിയുടെ വീട്ടിലെത്തിയ കാസര്‍ഗോഡ് സ്വദേശിയായ യുവാവിന്റെ ബൈക്കാണ് കത്തിച്ചത്. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു സംഭവം. ചെറുകുന്ന് മണികണ്ഠന്‍ ടാക്കീസ് ചൈനാ ക്ളേ റോഡില്‍ വെച്ചാണ് ബൈക്ക് കത്തിച്ചത്. തൃക്കരിപൂര്‍ എളമ്പച്ചി താലിച്ചാലം സ്വദേശിയായ 23 വയസുകാരനാണ് പരാതിക്കാരനായ യുവാവ്. ഇയാളുടെ സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള പള്‍സര്‍ ബൈക്കാണ് ഉപയോഗിച്ചിരുന്നത്.
പല ദിവസങ്ങളിലായി ചെറുകുന്നിലെ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അര്‍ധരാത്രി കഴിഞ്ഞാല്‍ ഇയാൾ എത്താറുണ്ടായിരുന്നു. ഇതില്‍ വിരോധമുള്ള നാട്ടിലെ ചില സദാചാരപൊലീസുകാരാണ് യുവാവിന്‍റെ ബൈക്ക് കത്തിച്ചതെന്നാണ് വിവരം. യുവാവിന്‍റെ താലിച്ചാലത്തിനടുത്തെ വീടിനടുത്ത് യുവതിക്കും ബന്ധുവീടുണ്ട്. അവിടെ വന്നുള്ള പരിചയമാണ് പ്രണയത്തില്‍ കലാശിച്ചത്. ബൈക്ക് കത്തിച്ച സംഭവത്തില്‍ യുവാവിന്‍റെ പരാതിയില്‍ കണ്ണപുരം പൊലീസ് കേസെടുത്തു.
Discussion about this post