തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഡി ജി പിക്ക് നിര്‍ദേശം നൽകി. 2020ലെ പുതിയ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രാബല്യത്തിൽ വന്നിട്ടും സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിൽ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, വിരുന്നു ഹാള്‍, അടിയന്തര യോഗങ്ങള്‍ നടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ അല്ലാതെ രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ലെന്നും 2020 ലെ കേന്ദ്ര ചട്ടം പ്രകാരം നിയമലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു.
കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് ഉച്ചഭാഷിണികളില്‍ നിന്നുള്ള അമിത ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്സവപ്പറമ്പുകളിലും മറ്റു മതപരമായ ചടങ്ങുകളിലും നിയന്ത്രണം ബാധകമാണ്.
Discussion about this post