തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് . ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചതോടെ കേരളത്തിൽ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുഖ്യമന്ത്രിക്ക് ഇനി പേടിക്കേണ്ടെന്നും ലോകായുക്ത കുരയ്ക്കുകമാത്രമേ ഉള്ളൂവെന്നും കടിക്കില്ലെന്ന് ഉറപ്പു വരുത്തിയെന്ന് പരിഹസിക്കുകയും ചെയ്തു.
‘മുഖ്യമന്ത്രിക്ക് ഇനി പേടിക്കേണ്ട. നടന്നത് ഒത്തുതീര്‍പ്പാണ്, ഗവര്‍ണറും മുഖ്യമന്ത്രിയും കൂടി നിയമസഭയെ അവഹേളിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയുമായുള്ള സൗന്ദര്യപ്പിണക്കം ഇടനിലക്കാര്‍ വഴി തീര്‍ത്തു.മുഖ്യമന്ത്രി ഇനി ചരിത്രത്തിൽ അറിയപ്പെടുന്നത് അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രി എന്ന നിലയിലായിരിക്കും. ഗവർണറും സർക്കാരും തമ്മിൽ ഒത്തുതീർപ്പിലെത്തുമെന്ന് നേരത്തേ തന്നെ അറിയാമായിരുന്നു. യൂണിവേഴ്സിറ്റിക്കെതിരെ ഗവർണർ പറഞ്ഞതെല്ലാം ഇല്ലാതായി. ഗവർണറുടെ പേഴ്സണൽ സ്റ്റാഫിലേക്ക് സംസ്ഥാനത്തെ ഒരു ബി ജെ പി നേതാവിന്റെ നിയമന ശുപാർശ അടങ്ങിയ ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ടെന്ന മാദ്ധ്യമവാർത്തകൾ കണ്ടു. അത് ശരിയാണെങ്കിൽ ഇപ്പോൾ നടന്നത് ഒരു കൊടുക്കൽ വാങ്ങൽ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു’-പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറെ വിവാദങ്ങൾക്കൊടുവിൽ ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നുരാവിലെയാണ് ഒപ്പുവച്ചത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതോടെ, സർവകലാശാലാ നിയമന വിവാദത്തിൽ തുടങ്ങി ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് വരെ നീണ്ട ഗവർണർ സർക്കാർ പോര് അവസാനിക്കുന്നതായി സൂചന ലഭിച്ചിരുന്നു.ഓർഡിനൻസിൽ ഗവർണർ തീരുമാനമെടുക്കാതിരുന്നത് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഒന്നേകാൽ മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പൂർണമായും മഞ്ഞുരുകിയതോടെ ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ അനുകൂല തീരുമാനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു സർക്കാർ.
ലോകായുക്ത നിയമത്തിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വ്യവസ്ഥകളാണ് കേരളത്തിലുള്ളതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ഗവർണർക്ക് ബോദ്ധ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച കൂടിയായതോടെ സംഘർഷം പൂർണമായും അയഞ്ഞു.ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിൽ നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂൾ തീരുമാനിക്കും
Discussion about this post