തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനങ്ങളെ സി.പി.എം വെല്ലുവിളിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് കെ ടി ജലീലെന്ന് കെ സുരേന്ദ്രന്. ഇക്കാരണത്താലാണ് ലോകായുക്തയെ അധിക്ഷേപിച്ച് കെ ടി ജലീൽ രംഗത്തെത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനുവേണ്ടിയുള്ള വക്കാലത്താണ് നിലവിൽ ജലീല്‍ ഏറ്റെടുത്തിരിക്കുന്നത്.
സി.എ.ജിയെയും ഗവര്‍ണറെയും അപമാനിച്ചതോടൊപ്പം രാഷ്ട്രപതിയെയും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.കോടതി വിധി ഉണ്ടായാലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് ഓരോ സിപിഎം നേതാവിനുമുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പേരിലുള്ള പരാതി ലോകായുക്ത പരിഗണിക്കാനിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി അഴിമതിക്ക് മറയിടാന്‍ ശ്രമിക്കുന്നത്. ലോകായുക്തക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പല വമ്പന്മാരും രാജിവെക്കേണ്ടി വരുമെന്ന് സിപിഎമ്മിന് അറിയാം. ഇത് മനസിലാക്കിയാണ് ലോകായുക്തയുടെ അധികാരം കവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ലോകായുക്തയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ വാദം വിവരക്കേടാണ്. അതിനുള്ള മറുപടി കാനം തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിശ്ചയിക്കപ്പെടാത്ത ദുബൈ സന്ദര്‍ശനത്തെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കണം. ദുബൈയില്‍ മുഖ്യമന്ത്രി തങ്ങുന്നത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
Discussion about this post