
കൊയിലാണ്ടി/പയ്യോളി: കോവിഡ് തീവ്ര വ്യാപനത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ക് ഡൗണിൽ പരിശോധന കർശനമാക്കി കൊയിലാണ്ടി പോലീസ്. രാവിലെ മുതൽ ആരംഭിച്ച പരിശോധനയിൽ സത്യവാങ്മൂലം കയ്യിൽ കരുതാത്തവരും വ്യക്തമായ കാരണമില്ലാതെ പുറത്തിറങ്ങുന്നവരും പോലീസിന്റെ പിടിയിലായി. ഇരുചക്ര വാഹനയാത്രക്കാരെയും കാർ യാത്രക്കാരെയും തടഞ്ഞു നിർത്തി പരിശോധിച്ച ശേഷം മാത്രമാണ് കടത്തി വിടുന്നത്. സത്യവാങ് മൂലം കയ്യിൽ കരുതാത്തവർക്കെതിരെ കേസ് ചുമത്തി പിഴ ഈടാക്കുകയും തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്.

കെ എസ് ആർ ടി സി ദീർഘദൂര ബസ്സുകൾ ഓടുന്നുണ്ടെങ്കിലും യാത്രക്കാർ കുറവാണ്. കല്യാണങ്ങളും ചടങ്ങുകളും പ്രതീക്ഷിച്ചെത്തിയ വഴിയോര പൂക്കച്ചവടക്കാരിയും നിരാശയിലായിരുന്നു.

കൊയിലാണ്ടി എസ് ഐ എം എൽ അനൂപ്, ട്രാഫിക് പോലീസ് എ എസ് ഐ പി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.

ലോക് ഡൗണിൻ്റെ ഭാഗമായി പയ്യോളിയിലും കർശന വാഹന പരിശോധന നടന്നു. ഇരുചക്ര വാഹനയാത്രക്കാരെയും കാർ യാത്രക്കാരെയും തടഞ്ഞു നിർത്തി പരിശോധിച്ച ശേഷം മാത്രമാണ് കടത്തി വിട്ടത്. സത്യവാങ് മൂലം കയ്യിൽ കരുതാത്തവർക്കെതിരെ കേസ് ചുമത്തി പിഴ ഈടാക്കി. പയ്യോളി എസ് ഐ പിഎം സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.
ചിത്രങ്ങൾ: ബൈജു എംപീസ്, സ്റ്റുഡിയോ കൊയിലാണ്ടി
Discussion about this post