
പയ്യോളി: കാർ വാഷിങ്ങ് കേന്ദ്രം പരിസരങ്ങളിലേക്ക് മാലിന്യം തള്ളുന്നെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. പയ്യോളി പേരാമ്പ്ര റോഡിൽ നെല്ല്യേരി മാണിക്കോത്ത് പ്രവർത്തിക്കുന്ന കാർ വാഷിങ്ങ് കേന്ദ്രത്തിനെതിരെയാണ് പ്രതിഷേധം.

ഗ്രീസും ഓയിലും കലർന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാതെ ചതുപ്പു പ്രദേശങ്ങളിലും ഓവ് ചാലുകളിലേക്കും
നേരിട്ട് തള്ളുകയാണ് ഇവിടുത്തെ ജീവനക്കാർ. ഇതിനെതിരെയാണ് ഇന്ന് രാവിലെ നാട്ടുകാർ പ്രതിഷേധിച്ചത്. പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ സ്ഥാപനം പ്രവർത്തിക്കരുതെന്നും സ്ഥാപന നടത്തിപ്പുകാരോട് ആവശ്യപ്പെട്ടു.

നഗരസഭയിലെ ഇരുപതാം ഡിവിഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം ഓയിൽ സർവീസ് സ്റ്റേഷൻ കൂടി പ്രവർത്തനം തുടങ്ങിയതായി നാട്ടുകാർ പറയുന്നു. സർവീസ് സ്റ്റേഷന്റെ പ്രവർത്തനം സമീപ ഭാവിയിൽ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെ മലീനീകരിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. സമീപ പ്രദേശങ്ങളിലെ കിണറുകളിലും ജല സ്രോതസ്സുകളിലും മാലിന്യം കടന്നു കൂടും.
ഇത് ഈ പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളത്തിന് വളരെയധികം ബുദ്ധിമുട്ട് നേരിടുവാൻ സാധ്യതയുണ്ടാക്കുമെന്നും നാട്ടുകാർ പറയുന്നു. സർവീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ മഴത്തുടക്കത്തിൽ തന്നെ നീരുറവ പൊട്ടി പുറപ്പെടുന്ന പ്രദേശമാണ്.
കൂടാതെ, നെൽവയലിനും -തണ്ണീർത്തടത്തിനും സമീപത്താണ് പ്രവർത്തിക്കുന്നത്. ഇക്കാരണത്താൽ, സർവീസ് സ്റ്റേഷനിലെ മാലിന്യം കലർന്ന വെള്ളം ഭൂമിയിലേക്കെത്തുന്നതോടെ സമീപപ്രദേശങ്ങളിലെ കിണറുകളും, ജല സ്രോതസ്സുകളിലും മലിനീകരിക്കപ്പെടുകയും കുടിവെള്ള ദൗർലഭ്യം നേരിടുകയും ചെയ്യുമെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
മലിനജലം പുറത്തേക്കൊഴുക്കി നാടിന് ഭീഷണിയായ സ്ഥാപനം അടച്ചു പൂട്ടണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധത്തിന് എൻ എം മനോജ്, സതീശൻ ശ്രേയസ്, പി എം സേതു, ടി കെ രാഗേഷ്, ബിനു തയ്യിൽ, എൻ ടി അജീഷ് എന്നിവർ നേതൃത്വം നൽകി.
പയ്യോളി നെല്ല്യേരി മാണിക്കോത്തെ കാർ വാഷിങ്ങ് കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം.. വീഡിയോ കാണാം…
Discussion about this post