ലഖ്നോ: ഉത്തർപ്രദേശിലെ വാരണാസി ജില്ലയിൽ ഒരു വർഷമായി അമ്മയുടെ മൃതദേഹത്തോടൊപ്പം താമസിച്ച് സഹോദരിമാർ. പല്ലവി ത്രിപാഠി (27), വൈശ്വിക് ത്രിപാഠി (18) എന്നിവരാണ് ഒരു വർഷമായി മൃതദേഹത്തോടൊപ്പം കഴിഞ്ഞത്. 2022 ഡിസംബർ 8 നാണ് ഇവരുടെ അമ്മ മരിക്കുന്നത്. എന്നാൽ സാമ്പത്തിക പ്രശ്നം കാരണം അന്ത്യകർമങ്ങൾ നടത്താതെ മൃതദേഹം വീട്ടിൽ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങളായി പെൺകുട്ടികളെ കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിൽ വീടിന്റെ വാതിൽ അടഞ്ഞുകിടക്കുന്നതായി കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവമറിഞ്ഞ് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.
മൃതദേഹത്തിന്റെ രൂക്ഷഗന്ധം മറയ്ക്കാൻ ഇവർ അഗർബത്തികൾ കത്തിക്കുന്നത് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് വീടുവിട്ട് പോയിരുന്നുവെന്നും ഭാര്യ മരിച്ചതിന് ശേഷവും വീട്ടിൽ വന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെടുത്തതിനെ തുടർന്ന് രണ്ട് പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് ദുരൂഹതകളില്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
Discussion about this post