കാട്ടാക്കട: ഇടിമിന്നലിൽ കാട്ടാക്കടയ്ക്ക് സമീപം മലപ്പനംകോഡ് ഒരു വീട്ടിലെ കുട്ടി ഉൾപ്പെടെ നാലുപേർക്കു കേൾവിക്കു തകരാർ. മലപ്പനംകോട് തേരിവിള വീട്ടിൽ സാംബശിവൻ, മകൻ സുരേഷ്, മരുമകൾ സദാംബിക, ചെറുമകൻ അനീഷ് (9) എന്നിവർക്കാണ് കേൾവിത്തകരാറുണ്ടായത്.
വീട്ടിലെ വയറിംഗ് കത്തിപ്പോയി.ഉപകരണങ്ങളെല്ലാം നശിച്ചു. ഇന്നലെ രാത്രി 8.30 ഓടെയാണ് ഇടിമിന്നൽ ഉണ്ടായത്. തുടർന്ന്, എല്ലാവരെയും വിളപ്പിൽശാല ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കേൾവിക്കു തകരാർ ഉള്ളതായി കണ്ടെത്തിയത്.
അഭിനവിന്‍റെ ചെവിക്കു പൊള്ളലേറ്റു. ഇടിമിന്നലിനു ശേഷം വളർത്തു നായ പ്രതികരിക്കുന്നില്ലെന്നും കേൾവി നഷ്ടപ്പെട്ടതായി സംശയിക്കുന്നതായും വീട്ടുകാർ പറയുന്നു. വലിയൊരു തീഗോളം വീട്ടിൽ പതിച്ച പ്രതീതിയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
വീടിന്‍റെ ജനാൽച്ചില്ലുകൾ പൊട്ടി.വീടിന്‍റെ ചുവരുകളിൽ പലേടത്തും വിള്ളലുമുണ്ട്. വയറിംഗും ഉപകരണങ്ങളും കത്തിയപ്പോഴുണ്ടായ പുകയിൽ കാഴ്ച മറയുകയും ഒന്നും കേൾകാൻ പറ്റാത്ത അവസ്ഥയിലുമായി. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവീട്ടുകാരാണ് സഹായമായത്.
Discussion about this post