തിരുവനന്തപുരം: വായനക്കാരെ വായനശാലകളിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്ന് സംസ്ഥാനത്തെ ലൈബ്രറികൾ ആധുനികവത്കരിക്കാനൊരുങ്ങി സംസ്ഥാന ലൈബ്രറി കൗൺസിൽ. ഡിജിറ്റൽ സേവനങ്ങൾ ഉൾപ്പെടുത്തി നവീകരിക്കുന്നതിനൊപ്പം, എല്ലാ തദ്ദേശ വാർഡുകളിലും ഒരു ലൈബ്രറി എന്ന ലക്ഷ്യമടക്കം പ്രവർത്തനങ്ങളിൽ വരുത്തേണ്ട പരിഷ്കാരങ്ങളുടെ കരട് റിപ്പോർട്ട് കൗൺസിൽ തയാറാക്കി. ഗ്രന്ഥശാലാ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച ഗ്രന്ഥശാലാ പ്രവർത്തക സംസ്ഥാന സംഗമത്തിൽ ഈ നയരേഖ അംഗീകരിക്കുന്നതോടെ ഗ്രന്ഥശാലകൾ അടിമുടി മാറും. റിപ്പോർട്ടിന്റെ കരട് “മെട്രൊ വാർത്ത’യ്ക്ക് ലഭിച്ചു. 2019ല്‍ കൗണ്‍സില്‍ നടത്തിയ വായനാ സര്‍വെയിലാണ് ഗ്രന്ഥശാലകള്‍ ഉപയോഗിക്കുന്നവരുടെ തോത് വളരെ കുറവാണെന്നും വായനാസമൂഹത്തെയാകെ അവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നും കണ്ടെത്തിയത്. അതേസമയം, വായന കുറയുന്നില്ലെന്നും വായനക്കാർ മറ്റു മാർഗങ്ങളെ ആശ്രയിക്കുന്നതാണ് തിരിച്ചടിയായതെന്നും കണ്ടെത്തി. ഇതാടെയാണ് ഡിജിറ്റൽ സംവിധാനങ്ങളടക്കം നവീകരണത്തിന് തയാറാടുക്കുന്നത്.
ആബാലവൃദ്ധം ജനങ്ങളെയും ലൈബ്രറികളിലേക്ക് അടുപ്പിക്കാനുള്ള പദ്ധതികളാണ് കരടിലുള്ളത്. എല്ലാ ലൈബ്രറികളും അംഗങ്ങളെ ചേർത്ത് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും പുസ്തകങ്ങൾ വീട്ടിലെത്തിക്കുന്നതടക്കം സേവനങ്ങൾ നൽകണമെന്നും കരടിൽ നിർദേശമുണ്ട്. സർവകലാശാലാ വിദ്യാര്‍ഥികള്‍ക്ക് സഹായകമാകും വിധം ഗ്രന്ഥശാലകളില്‍ അക്കാദമിക് പുസ്തകങ്ങള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ജേര്‍ണലുകള്‍, പുറമെ കംപ്യൂട്ടര്‍ സിസ്റ്റവും ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാക്കണം. ഓണ്‍ലൈന്‍ വഴി സ്റ്റഡി മെറ്റീരിയലുകള്‍, സിലബസുകള്‍, പുസ്തകങ്ങള്‍, ഇ- ജേര്‍ണലുകള്‍, ഡാറ്റാബേസുകള്‍, ജേര്‍ണല്‍ ആര്‍ട്ടിക്കിള്‍, ഗവേഷണ പ്രബന്ധങ്ങള്‍ ലഭ്യമാക്കണം. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവശ്യമായ വര്‍ക്ക് സ്പെയ്സും ഗ്രന്ഥശാലകളില്‍ ഒരുക്കാം. അനൗപചാരിക വിദ്യാഭ്യാസം നേടുന്നവര്‍ക്കും ഈ സേവനം ലഭ്യമാക്കാം. പ്രദേശത്തെ അധ്യാപകര്‍ക്ക് പഠന നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും.
ഓപ്പണ്‍ ലേണിങ് സെന്റര്‍ എന്ന ഈ പദ്ധതി വഴി യുവജനങ്ങളെ, വിദ്യാര്‍ഥികളെ ഗ്രന്ഥശാലകളുമായി അടുപ്പിക്കാനാകുമെന്ന് കരടിൽ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ 50 കുട്ടികളെ അംഗങ്ങളാക്കി വായനക്കൂട്ടം, മുതിർന്നവർക്ക് ഓൺലൈൻ സേവനങ്ങൾ അടക്കം ലൈബ്രറികൾ വഴി നൽകാൻ കമ്യൂണിറ്റി ഹബ് എന്ന നിർദേശവും കരടിലുണ്ട്.
കൗണ്‍സിലില്‍ 9,000 ലൈബ്രറികള്‍ അഫിലിയേറ്റ് ചെയ്തതില്‍ 7,000 എണ്ണം പ്രവര്‍ത്തനക്ഷമമാണ്. ഇതിൽ 5,000 ലൈബ്രറികളില്‍ വായനാവസന്തത്തിന്റെ ഭാഗമായി 20,000 വായനക്കൂട്ടം രൂപീകരിക്കും. പ്രധാന ലൈബ്രറികളിലെ ചരിത്ര രേഖകളടക്കം ഡിജിറ്റൈസ് ചെയ്ത് എല്ലാ ലൈബ്രറികളിലും വിവരങ്ങൾ ലഭിക്കുന്ന സംവിധാനവും, ആരോഗ്യ പരിശോധനകള്‍, കുട്ടികളു
ടെ കുത്തിവയ്പ് ക്യാംപുകൾ, മെഡിക്കല്‍ ക്യാംപ്, പെയിന്‍ ആൻഡ് പാലിയേറ്റീവ് കേന്ദ്രം, രക്തദാന ഫോറം, കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങളും ഈ കേന്ദ്രം വഴി നല്‍കാമെന്നും കൗൺസിൽ കണക്കുകൂട്ടുന്നു. നിലവിൽ നാലു കിലോമീറ്ററിലാണ് ഒരു ഗ്രന്ഥശാല. ഇതിന് മാറ്റമുണ്ടാക്കി എല്ലാ വാർഡുകളിലും ഗ്രന്ഥശാലകൾ ആരംഭിക്കാനാണ് കൗൺസിൽ തീരുമാനം.
Discussion about this post