കൊച്ചി: ജീവിത പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനി നൂറയെ ആലുവയിലെ പങ്കാളിക്കൊപ്പം പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. ആലുവ സ്വദേശി ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നടപടി.

തന്റെ പങ്കാളിയായ കോഴിക്കോട് സ്വദേശിനിയായ യുവതിയെ രക്ഷിതാക്കള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് കാണിച്ച് ആദില ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി, ഈ പെണ്‍കുട്ടിയോട് എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചു. ഇതനുസരിച്ച് രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ നൂറയെയാണ് ആദിലയ്‌ക്കൊപ്പം പോകാന്‍ ഹൈക്കോടതി അനുവദിച്ചത്. ഇവര്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളാണെന്നും ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ നിലവിലെ നിയമം അനുസരിച്ച് തടയാന്‍ സാധിക്കില്ലെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതിയുടെ ഇടപെടല്‍.

22കാരിയായ ആദില നസ്രിന്‍ സൗദിയിലെ പഠനത്തിനിടെയാണ് താമരശ്ശേരി സ്വദേശിനിയായ 23കാരിയുമായി പ്രണയത്തിലാകുന്നത്. ബന്ധം വീട്ടിലറിഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പ് നേരിട്ട ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈമാസം പത്തൊമ്പതിന് കോഴിക്കോടെത്തിയ ആദില പങ്കാളിയുമായി കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറി. എന്നാൽ അവിടെ ബന്ധുക്കള്‍ തെരഞ്ഞെത്തി. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ വിട്ടയച്ചത്. പിന്നാലെ ആദിലയുടെ ബന്ധുക്കള്‍ ഇരുവരെയും ആലുവയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ താമശ്ശേരിയില്‍ നിന്ന് പങ്കാളിയുടെ ബന്ധുക്കള്‍ വന്ന് പിടിച്ചു കൊണ്ടുപോവുകയായിരുന്നു.




































Discussion about this post