ന്യൂഡൽഹി/തിരുവനന്തപുരം: ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കറുടെ (92) വിയോഗത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.
“ലതാ മങ്കേഷ്കറുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതായി നിലനിൽക്കുമെന്ന്” രാഷ്ട്രപതി പറഞ്ഞു.
“ലതാ മങ്കേഷ്കറുടെ വിയോഗം രാജ്യത്ത് നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നുവെന്ന്” പ്രധാനമന്ത്രി അനുശോചിച്ചു.
ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തിൽ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
“സംഗീത ലോകത്തിന് ലതാ മങ്കേഷ്കർ നൽകിയ സംഭാവനകൾ വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ലതാ മങ്കേഷ്കറിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം.”
മുഖ്യമന്ത്രി പിണറായി വിജയൻ
“ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്കർ. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ്.
പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു.”
സ്പീക്കർ എം ബി രാജേഷ്
“ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടിക്ക് ഓരോ തലമുറയിലും ആരാധകരുണ്ട്. മലയാളത്തിലെ കദളീ ചെങ്കദളിയടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്കർ ഗാനാലാപനം നടത്തി. സമാനതകളില്ലാത്ത ഈ ഗായികയുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് കനത്ത നഷ്ടമാണ്.”
ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ
“എല്ലാ സംഗീത പ്രേമികളുടെയും ഹൃദയത്തിൽ കുടികൊള്ളുന്ന ലതാ മങ്കേഷ്കറുടെ വിയോഗം ഹൃദയഭേദകമാണ്.”
Discussion about this post