മുംബയ്: ജനസഹസ്രങ്ങളുടെ ആദരാഞ്ജലികൾ ഏറ്റുവാങ്ങി ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ അനശ്വരതയിലേക്ക് ലയിച്ചു. മുംബയിലെ ശിവജി പാർക്കിൽ പ്രമുഖരുടെയും പൊതുജനങ്ങളുടെയും ആദരവേറ്റുവാങ്ങി പ്രിയ ഗായികയുടെ സംസ്‌കാരം രാത്രി 7.10ഓടെ നടന്നു.
പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് രാജ്യം പ്രിയഗായികയ്‌ക്ക് യാത്രയേകിയത്. ശിവജി പാർക്കിൽ പൊതുദർശനത്തിന് വച്ച ലതാ മങ്കേഷ്‌കറുടെ ഭൗതികദേഹത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവർപ്പിച്ചു. ചലച്ചിത്ര താരം ഷാറൂഖ് ഖാനും പ്രിയ ഗായികയ്‌ക്ക് ആദരാഞ്ജലിയർപ്പിച്ചു.
കൊവിഡ് രോഗബാധയെ തുടർന്ന് മുംബയ് ബ്രീച്ച് ക്യാന്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലതാ മങ്കേഷ്‌കറിന് രോഗം ഭേദമായെങ്കിലും കൊവിഡാനന്തര രോഗബാധയെ തുടർന്ന് ആരോഗ്യ നില മോശമാകുകയായിരുന്നു. ഒടുവിൽ ശനിയാഴ്‌ചയോടെ അന്ത്യം സംഭവിച്ചു. ഇന്ത്യയുടെ വാനമ്പാടിയുടെ മരണത്തെ തുടർന്ന് രാജ്യം രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പുതപ്പിച്ച് ശിവാജി പാർക്കിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ വൻ ജനാവലിയാണ് എത്തിയത്.
Discussion about this post