മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരം പഞ്ചിക്കല്ലുവില് ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശി ജോണിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളികളാണ് ഇവരെല്ലാം.
ഇന്നലെ രാത്രി പത്തരയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. റബർ തോട്ടത്തിനോട് ചേർന്ന് നിർമ്മിച്ച ഷെഡിൽ അഞ്ച് തൊഴിലാളികളാണ് താമസിച്ചിരുന്നത്. ഇതിലൊരാൾ അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. അപകടത്തിൽ ഒരാൾ തൽക്ഷണം മരിച്ചു. രണ്ടുപേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ദിവസങ്ങളായി മംഗളൂരുവിലും കാസർകോട്ടും കനത്ത മഴയാണ് പെയ്യുന്നത്. ഇതിനെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയെത്തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകാണ്. ഇവിടത്തെ പുഴകളും താേടുകളും നിറഞ്ഞൊഴുകുകയാണ്.
Discussion about this post