കൊച്ചി: കപ്പല്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിയവര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാനാകാതെ ദുരിതത്തില്‍. ചികിത്സക്കുള്‍പ്പെടെ എത്തിയവരടക്കം സാമ്പത്തിക പ്രതിസന്ധിയില്‍ കൊച്ചിയില്‍ തുടരുകയാണ്.
എഴ് കപ്പലുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് ഒരു കപ്പലിനെ ആശ്രയിച്ചാണ് ഇവരുടെ യാത്ര. കടം വാങ്ങിയും ഉളളത് വിറ്റും ശസ്ത്രക്രിയക്കടക്കം കേരളത്തിലെത്തുന്ന സാധാരണക്കാരായ ദ്വീപ് നിവാസികള്‍ ചികിത്സ കഴിഞ്ഞാലും തിരികെ നാട്ടിലെത്താനാകാതെ ദുരിതത്തിലാണ്. പരീക്ഷ കാലത്ത് എങ്ങനെ സ്വന്തം നാട്ടിലെത്തും എന്ന ആധിയില്‍ നിരവധി വിദ്യാര്‍ഥികളും ഇവിടെ ഉണ്ട്.
ഏഴ് കപ്പലുകളില്‍ രണ്ടെണ്ണത്തിന്റെ സര്‍വീസ് നിര്‍ത്തുകയും നാലെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റുകയും ചെയ്തതോടെയാണ് കപ്പല്‍ സര്‍വീസ് ഒരെണ്ണമായി മാറിയത്. പരമാവധി 450 പേര്‍ക്കാണ് ഒരു കപ്പലില്‍ കയറാനാവുക. ഓണ്‍ലൈന്‍ ബുക്കിങ് ഉണ്ടെങ്കിലും കുടുംബസമേതം എത്തിയവരില്‍ മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് ലഭിക്കാതെ പലരും പുറത്താകും.
Discussion about this post