കോയമ്പത്തൂര്‍: മധുക്കരയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയുടെ ദുരൂഹമരണത്തില്‍ പോലീസ് ഒരാളെ അറസ്റ്റുചെയ്തു. കുംഭകോണത്തേ മെഡിക്കല്‍ഷോപ്പ് ഉടമ മുഹമ്മദ് ബഷീറിനെയാണ് മധുക്കരപോലീസ് അറസ്റ്റുചെയ്തത്.ജൂലായ് 13-ന് രാമനാഥപുരം ജില്ലാ കളരിയിലെ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സൗന്ദരപാണ്ഡ്യന്റെ മകന്‍ അജയ് കുമാര്‍ (20) ആണ് സംശയാസ്പദ സാഹചര്യത്തില്‍ മരിച്ചത്.
ഈച്ചനാരിയിലെ എന്‍ജിനീയറിങ് കോളേജ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.സുഹൃത്തിന്റെ മുറിയില്‍ താമസിക്കയായിരുന്ന അജയ് ഛര്‍ദിച്ച് മയങ്ങിവീണപ്പോള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കാണിച്ചശേഷം സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍, ഇടതുകൈയില്‍ സിറിഞ്ചുപയോഗിച്ച് ലഹരിമരുന്ന് കുത്തിവെച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു.
ലഹരിഗുളികകള്‍ വെള്ളത്തില്‍ക്കലക്കി കുത്തിവെച്ചതാണ് ഛര്‍ദിയും മയക്കവും വരാന്‍ കാരണം. തുടര്‍ന്ന്, സുഹൃത്തുക്കളെ പോലീസ് ചോദ്യംചെയ്തതില്‍നിന്നാണ് ഇവര്‍ക്ക് കുംഭകോണത്തുനിന്നാണ് ഗുളികകള്‍ ലഭിക്കുന്നതെന്ന് അറിഞ്ഞത്.പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലടച്ചു. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി കൗണ്‍സലിങ്ങിന് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു
Discussion about this post