വടകര:എൻജിനീയറിങ് വിദ്യാർത്ഥിയുടെ ധൈര്യം ട്രയിനിൽ നിന്നും വീണ യുവതിക്ക് രക്ഷയായി. വടകര പതിയാക്കര കുയ്യാല്‍ മീത്തലെ മിന്ഹത്ത് (23) ആണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്പടിയില് നിന്നു വെളിയിലേക്കു വീണ യുവതിക്കു രക്ഷകനായത്. കോഴിക്കോട് ജില്ലയില്‍ ലൈബ്രേറിയനായി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയെയാണു മിന്ഹത്ത് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പരശുറാം എക്സ്പ്രസിലെ യാത്രക്കിടയിലാണ് സംഭവം.
തിരക്കുള്ള ട്രെയിനില്‍ വാതില്‍പ്പടിക്കു സമീപം നില്‍ക്കുകയായിരുന്ന യുവതി, ട്രെയിന്‍ പട്ടാമ്പിക്കു സമീപം എത്തിയപ്പോള്‍ പെട്ടെന്നു തലകറങ്ങി പുറത്തേക്കു വീഴുകയായിരുന്നു. അടുത്തു നില്‍ക്കുകയായിരുന്ന മിന്ഹത്ത് കയ്യെത്തി പിടിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന്, മിന്ഹത്ത് ഉടന്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. യുവതി വീണ ദിശയിലേക്ക് ഓടുകയും അവരെ കണ്ടെത്തി പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. പിന്നാലെ സമീപത്തെ വീട്ടില്‍ നിന്ന് വാഹനം സംഘടിപ്പിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ മിന്‍ഹത്തിന്റെ നഖം പറിഞ്ഞുപോയിരുന്നുവെങ്കിലും ഇതൊന്നും വകവെക്കാതെ ഒരു ജീവന് രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ യുവാവ്.
നെറ്റിയില്‍ ചോരയുമായി വീണു കിടന്ന യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തിരിക്കുകയാണ്. എറണാകുളത്തു നിന്നു വടകരയിലേക്കു മടങ്ങുമ്പോഴായിരുന്നു മിന്ഹത്ത് രക്ഷകനായത്. പതിയാരക്കര കുയ്യാല്‍മീത്തല്‍ ഹമീദിന്റെ മകനായ ഈ ചെറുപ്പക്കാരന് നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സമയോചിതമായ പ്രവര്‍ത്തനത്തിലൂടെ യുവതിക്ക് രക്ഷകനായ മിന്‍ഹത്തിന് വിവിധ മേഖലകളിലുള്ളവരുടെ അഭിനന്ദന പ്രവാഹമാണിപ്പോൾ.
Discussion about this post