പയ്യോളി : കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് പദ്ധതി ഏതുവിധേനയും തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നത് ജനങ്ങൾ തിരിച്ചറിയണമെന്ന് കർമ്മ സമിതി. പിഡബ്ല്യൂഡി-റവന്യൂ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരും നിക്ഷിപ്ത താല്പര്യക്കാരും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടാണ് അനാവശ്യമായി സ്ഥലം ഏറ്റെടുക്കുന്ന തരത്തിൽ നേരത്തെ പദ്ധതിയെ എത്തിച്ചത്. ഇത് പരിഹരിച്ച് കിഫ്ബിയുടെ മാർഗനിർദേശമനുസരിച്ച് സ്ഥലം ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനുള്ള ശ്രമം തടയുന്നതിനാണ് നിക്ഷിപ്തതാൽപര്യക്കാരും അവർക്ക് സാമ്പത്തികവും അല്ലാതെയുമുള്ള പിന്തുണ നൽകുന്നവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ‘ഇവന്റ് മാനേജ്മന്റ് ടീമിനെ’ പോലെ ചിലരിൽ നിന്ന് വൻ തുക കൈപ്പറ്റിയാണ് ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഹൈക്കോടതിൽ നാലോളം കേസുകളാണ് ഇവർ നടത്തി വരുന്നത്.
കിഫ്ബിയുടെ അംഗീകാരമില്ലാത്ത, അപാകതയുള്ള നേരത്തെയുള്ള അലൈൻമെന്റ് പ്രകാരം തന്നെ സ്ഥലം അക്വയർ ചെയ്യണമെന്നും ഇക്കാര്യത്തിൽ തീരുമാനം വരുന്നത് വരെ പദ്ധതി സ്റ്റേ ചെയ്യണമെന്നുമാണ് ഇവർ ഇപ്പോൾ കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. 2019ൽ പദ്ധതി വേഗത്തിലാക്കാൻ എന്നുപറഞ്ഞ് കേസ് ഫയൽ ചെയ്തവരാണ് ഇപ്പോൾ പദ്ധതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. അഞ്ച് വർഷമായിട്ടും ഇവരുടെ വാദങ്ങൾ കോടതി അംഗീകരിച്ചിട്ടില്ല നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന പ്രചാരണങ്ങൾ കോടതിയിൽ ചിലവാകില്ലല്ലെന്ന് കർമ്മ സമിതി കുറ്റപ്പെടുത്തി.
പദ്ധതി യാഥാർഥ്യമാകുമെന്ന ഘട്ടത്തിലെത്തിയപ്പോൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും സർവ്വേ നടപടികൾ നിർത്തിവെപ്പിക്കാനാണ് ഇപ്പോൾ ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2020 മാർച്ച് മാസത്തിലെ കിഫ്ബിയുടെ ടെക്നിക്കൽ അപ്പ്രൈസൽ റിപ്പോർട്ടിലെ നിർദേശ പ്രകാരമാണ് പുതിയ വാഹന സാന്ദ്രത പഠനം നടന്നത്. കൂടാതെ 2020 ഡിസംബറിലെ കിഫ്ബിയുടെ ഉത്തരവ് പ്രകാരമാണ് 10 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിനുള്ള ധനാനുമതി ലഭിച്ചത്. എന്നാൽ ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത് 2021 ൽ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വാഹന സാന്ദ്രത പഠനത്തിന് പുതുതായി നിർദേശം കൊടുത്ത് പദ്ധതി 10 മീറ്ററിലാക്കിയതെന്നാണ്. ഇവർ തുടക്കം മുതൽ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങളിൽ ഒടുവിലത്തെതാണിത്. ഇത്തരത്തിൽ ബോധപൂർവം തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തവർക്കെതിരെ നുണപ്രചാരണം നടത്തുകയാണ് ഇവരുടെ രീതിഎന്നും സമിതി ആരോപിക്കുന്നു.
ചെന്ന് കയറുന്ന വലിയ തോതിൽ വാഹന സാന്ദ്രതയുള്ള രണ്ടറ്റത്തുമുള്ള റോഡുകളേക്കാൾ പ്രാധാന്യത്തിലും വീതിയിലും വാഹന സാന്ദ്രത കുറഞ്ഞ ഈ റോഡ് നിർമ്മിക്കാൻ കഴിയില്ലെന്ന് കിഫ്ബി വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവിൽ പുതുതായി കുറ്റിയിട്ടതനുസരിച്ച് 10 മീറ്ററിൽ റോഡ് നിർമ്മിക്കുമ്പോൾ വളവുകളിൽ ആവശ്യമായ സ്ഥലം കൂടുതലായി എടുക്കുന്നുണ്ട്. വളവുകളും കയറ്റങ്ങളും പരമാവധി കുറച്ചുകൊണ്ടുതന്നെയാണ് റോഡ് നിർമ്മിക്കുന്നത്. നിലവിലെ റോഡിൻറെ ഘടനയിൽ പൂർണമായും വളവില്ലാത്ത റോഡ് നിർമ്മിക്കാൻ കഴിയില്ല. നേർപാതയിലുള്ള റോഡാണ് യഥാർത്ഥ ആവശ്യമെങ്കിൽ കുട്ടോത്ത് നിന്നും അട്ടക്കുണ്ടിലേക്ക് നേർ രേഖയിൽ പുതിയ അലൈൻമെന്റ് തയ്യാറാക്കേണ്ടി വരും. അത് പ്രയോഗികകമായി നിരവധി ബുദ്ധിമുട്ടുകൾ ഉള്ളതാണ്. ഇതാണ് യാഥാർഥ്യമെന്നിരിക്കെ ചിലരുടെ സ്വാർത്ഥ നേട്ടങ്ങൾക്കായി ബോധപൂർവം തെറ്റായ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ഇവർ പിന്തുടർന്ന് വരുന്നത്.
നിലവിൽ സാമൂഹികാഘാത പഠനത്തിന്റെ ദീർപ്പിച്ച കാലാവധി അവസാനിച്ച് തൊട്ടടുത്ത ദിവസം മാത്രം 11(1) നോട്ടിഫിക്കേഷൻ ഇറങ്ങിയത് യാദൃശ്ചികമല്ല . ചില റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പദ്ധതി തടസ്സപ്പെടുത്തുന്നതിന് വേണ്ടി ഈ നിക്ഷിപ്ത താൽപര്യക്കാർ നടത്തിയ ഗൂഢ ശ്രമത്തിന്റെ ഭാഗമാണിത്. ഇത്തരം പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഇവർക്ക് താൽക്കാലിക ലാഭത്തിനുവേണ്ടി ചില പ്രസ്ഥാനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന രഹസ്യ സഹായങ്ങളുടെ രേഖകളിൽ ചിലത് ഇതിനകം പുറത്തുവന്നിട്ടുള്ളതാണ്. ഇത് തുടർന്നാൽ വലിയ വില ഭാവിയിൽ ഇത്തരം പ്രസ്ഥാനങ്ങൾ നൽകേണ്ടി വരുമെന്ന് കർമ്മ സമിതി പറയുന്നു.
ഇത്തരം നിക്ഷിപ്ത താല്പര്യക്കാരുടെ കുത്തിത്തിരിപ്പുകൾ തിരിച്ചറിഞ്ഞ്, പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് മുഖ്യമന്ത്രി,റവന്യൂ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർ ,എം എൽ എ, ജില്ലാ കളക്ടർ എന്നിവരോട് ഇരകളുടെ കർമ്മസമിതി അഭ്യർത്ഥിച്ചു.
കൂടാതെ നേരത്തെ 10 മീറ്റർ റോഡിന് വേണ്ടി അനാവശ്യമായും പക്ഷപാതപരമായും സ്ഥലം ഏറ്റെടുക്കുന്ന രീതിയിൽ PWD പെഗ് മാർക്ക് ചെയ്യാനുണ്ടായ കാരണവും ഇതിനായി ഇടപെട്ടവർ ആരൊക്കെ , ഉത്തരവാദികളായ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഇതിന്റെ ഭാഗമായി സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കാരിനോട് ആവശ്യപെടുന്നു.
Discussion about this post