കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയുടെ മരണത്തില്‍ ദുരൂഹത. ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും തലയുടെ പിന്‍വശത്ത് അടിയേറ്റാല്‍ ഉണ്ടാകുന്നതിന് സമാനമായ മുഴയും കണ്ടെത്തി. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇടതു കൈയില്‍ തലമുടി മുറുകെ പിടിച്ചതിന്റെ അടയാളവും മുടിയുമുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും.
മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ ഇന്നലെയാണ് ആശുപത്രിയിലെ സെല്ലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. രാവിലെ അഞ്ചരയോടെ സെല്ലില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ ദിവസം വൈകിട്ട് ഈ സെല്ലിലെ അന്തേവാസികള്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.
ഭര്‍ത്താവിനെ തേടി തലശ്ശേരിയില്‍ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 28നാണ് പൊലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Discussion about this post