കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ സുരക്ഷ വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് പൊലീസ് മുന്നോട്ടുവയ്ക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന് ചുറ്റും ഉയരത്തിലുള്ള ചുറ്റുമതില്‍ നിര്‍മിക്കണം, പുറത്തേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റണം, കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കണം. ഈ മൂന്ന് നിര്‍ദ്ദേശങ്ങളും അടിയന്തരമായി നടപ്പാക്കണമെന്ന നിര്‍ദേശമാണ് പൊലീസ് റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മൂന്ന് എ സി പിമാര്‍ കുതിരവട്ടത്ത് പരിശോധന നടത്തി സുരക്ഷ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അതേസമയം, കുതിരവട്ടത്തെ സുരക്ഷ കര്‍ശനമാക്കാന്‍ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പാചക ജീവനക്കാരുടെ തസ്തികയിലും നിയമനം നടത്താന്‍ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കള്‍ കൊണ്ടുപോകാത്തവരെ പുനരധിവസിപ്പിക്കാന്‍ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പരിശോധന നടത്തിയിരുന്നു. മാനസികോരാഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എത്തിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റിമാന്‍ഡ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി എന്നായിരുന്നു കെ ജി എം എയുടെ പരാതി.





































Discussion about this post