തൃശൂര്‍: ടിപ്പര്‍ ലോറിയുടെപിറകിലെ ഭാഗം ഉയര്‍ത്തി ഓടിച്ച് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യമാറകളും തകര്‍ത്തു. 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും, പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവയാണ് പൂര്‍ണ്ണമായും തകര്‍ന്നത്. കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ഇന്നലെ രാത്രി 8.50 ഓടെയാണ് സംഭവം. പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നുപോയത്.
പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തുരങ്കത്തിലെ ലൈറ്റുകള്‍ മനഃപൂര്‍വ്വം തകര്‍ത്തതാണോ എന്നത് വ്യക്തമല്ല. സിസിടിവിയില്‍ നിന്ന് ടിപ്പര്‍ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിപ്പറിനായുള്ള തിരച്ചിലും തുടങ്ങിയതായി പോലീസ് അറിയിച്ചു.
അതേ സമയം ലൈറ്റുകള്‍ തകര്‍ന്നത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗത കുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച്, അധികൃതര്‍ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
Discussion about this post