തൃശൂർ: പൊതുജനങ്ങൾക്ക് സഞ്ചാരത്തിനായി കുതിരാൻ രണ്ടാം തുരങ്കം ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് തുറന്നു കൊടുക്കും. തൃശൂരിൽ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് ഇതുവഴി കടത്തി വിടുക. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്നു കൊടുക്കുന്നത്. പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂർത്തിയാക്കാനുണ്ട. അതോടെ ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഒഴിവാക്കി ഒറ്റ വരിയാക്കും.ഏപ്രിൽ അവസാനത്തോടെ രണ്ടാം തുരങ്കം
ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, തുരങ്കം സഞ്ചാരയോഗ്യമായ സാഹചര്യത്തിലാണ് തുറന്നു നൽകാമെന്ന നിർദേശം ദേശീയപാതാ അതോറിറ്റി നടത്തിയത്.
തുരങ്കങ്ങൾ തുറന്നു കൊടുത്താലും ടോൾ പിരിവ് ഉടൻ തുടങ്ങാൻ സമ്മതിക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ‘രണ്ടാം തുരങ്കം പണി നടക്കുന്ന സമയത്ത് തുടർച്ചയായി മന്ത്രിമാർ പങ്കെടുത്ത് യോഗം നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു. എന്നാൽ ടണൽ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി മന്ത്രിമാരെ അറിയിച്ചില്ല.” ടോൾ പിരിവ് എന്ന വാർത്ത ദൗർഭാഗ്യകരമാണെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.
കുതിരാൻ ടണലിന്റെ ബാക്കിയുള്ള പണികളും തീർത്ത് പൂർണമായ പ്രവർത്തനം ഏപ്രിൽ അവസാനത്തോടെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പണികൾ പൂർത്തിയാക്കാനുള്ളതിനാൽ തുരങ്കത്തിന്റെ കുറച്ചു ഭാഗം തുറക്കുകയാണെന്നാണ് ഹൈവേ അതോറിറ്റി പറയുന്നത്. പൂർണമായി തുരങ്കം തുറന്ന് നൽകുന്നത് റോഡ് സുഗമമായി ഗതാഗതത്തിന് സജ്ജമായതിന് ശേഷം മാത്രമാകുമെന്നും മന്ത്രി കെ രാജനും പറഞ്ഞു.
944 മീറ്റർ നീളമുള്ള രണ്ടാം തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിലാണു പൂർത്തീകരിച്ചത്. 2021 ജൂലായ് 31നായിരുന്നു ഒന്നാം തുരങ്കം തുറന്നു നൽകിയത്. ഒന്നാം തുരങ്കത്തിൽ നിന്ന് വ്യത്യസ്‌തമായി രണ്ടാം തുരങ്കത്തിന്റെ ഉൾഭാഗം മുഴുവനായി ഗ്യാൻട്രി കോൺക്രീറ്റിംഗ് നടത്തിയിട്ടുണ്ട്. അർദ്ധവൃത്താകൃതിയിലുള്ള തുരങ്കങ്ങളാണ് കുതിരാനിൽ ഉള്ളത്.
Discussion about this post