പയ്യോളി: നഗരസഭ കുടുംബശ്രീ മിഷൻ ഭരണം ഇത്തവണയും സി പി എമ്മിൻ്റെ കൈകളിൽ ഭദ്രം. 36 വാർഡുകളിലെയും എ ഡി എസ് തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ, 60 ശതമാനത്തോളം അംഗങ്ങളെ വിജയിപ്പിച്ചു കൊണ്ടാണ് സി പി എം നേതൃത്വത്തിലുള്ള ഇടതുപക്ഷം കുത്തക നിലനിർത്തിയത്. പലയിടത്തും, വീറും വാശിയും പ്രകടമായ തിരഞ്ഞെടുപ്പിൽ പരാതികളുമുയർന്നു. 25 ന് സി ഡി എസ് തിരഞ്ഞെടുപ്പ് പൂർത്തിയാകും. 26 ന് സി ഡി എസ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. ചെയർപേഴ്സൺ സ്ഥാനത്തേക്ക് പ്രധാനമായും മൂന്ന് പേരുകളാണ് ഉയർന്നു കേൾക്കുന്നത്.
ഈ മാസം 16 ന് തുടങ്ങിയ എ ഡി എസ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 21നാണ് പൂർത്തിയായത്. നേരത്തേ ഒരു വാർഡിൽ നിന്നും 7 എ ഡി എസ് അംഗങ്ങളെ വീതമാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ പുതുക്കിയ ബൈലോ അനസരിച്ച് ഇത്തവണ 11 അംഗങ്ങളെയായിരുന്നു തിരഞ്ഞെടുക്കേണ്ടത്. തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 17, 19, 20, 21, 23, 30, 31, 32, 33, 34, 36 തുടങ്ങി 24 വാർഡുകളിൽ വ്യക്തമായ മേൽക്കെെ സി പി എം നില നിർത്തി. അതേ സമയം സി പി എമ്മിൽ നിന്നും പിടിച്ചെടുത്ത 2-ാം വാർഡടക്കം 1, 16, 18, 22, 24, 25, 28, 29, 35 വാർഡുകൾ യു ഡി എഫ് നേടി നില മെച്ചപ്പെടുത്തി. 26, 27 വാർഡുകളിൽ ഇരു മുന്നണികൾക്കും വ്യക്തമായ നേട്ടം കൈവരിക്കാനായില്ല.
ഓരോ വാർഡിലെയും 11 എ ഡി എസ് അംഗങ്ങളിൽ നിന്നും ഓരോ സി ഡി എസ് അംഗത്തിനെയാണ് തിരഞ്ഞെടുക്കുക. 36 വാർഡുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 396 എ ഡി എസ് അംഗങ്ങളിൽ നിന്നും 36 അംഗ സി ഡി എസിനെയാണ് തിരഞ്ഞെടുക്കുക. 396 പേരിൽ 65 എസ് സി പൊതുസഭാംഗങ്ങളും, 262 ബി പി എൽ അംഗങ്ങളുമാണുള്ളത്. ഇതനുസരിച്ച് 5,10,13, 18, 19, 31 വാർഡുകൾ എസ് സി വിഭാഗത്തിനും, 1, 11, 14, 15, 16, 17, 24, 25, 26, 30, 34, 36 വാർഡുകൾ ബി പി എൽ വിഭാഗത്തിനുമായും സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള 18 വാർഡുകൾ ജനറൽ വാർഡുകളായി തുടരും.
സി ഡി എസ് തിരഞ്ഞെടുപ്പ് 25 ന് വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ വെച്ച് നടക്കും. രാവിലെ 10 മുതൽ 12.30 വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതുള്ളതുകൊണ്ട് വാർഡുകളെ 6 ബാച്ചുകളായി തിരിച്ച് വിവിധ സമയങ്ങൾ നൽകിയാണ് വോട്ടെടുപ്പ്. അന്ന് ഉച്ചയ്ക്ക് ശേഷം സി ഡി എസ് ചെയർപേഴ്സൻ, വൈസ് ചെയർപേഴ്സൻ എന്നിവരെ തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞ 26 ന് നഗരസഭാ ഹാളിലാണ് നടക്കുക.
അതേ സമയം ഭാരവാഹികളുടെ കാര്യത്തിൽ മുൻ ധാരണയിലെത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. പ്രധാനമായും മൂന്ന് പേരുകളാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. 20-ാം വാർഡിൽ നിന്നുമുള്ള വി ടി ഉഷ, 15-ാം വാർഡിലെ റീത്ത, 16-ാം വാർഡിലെ രാധിക എന്നീ പേരുകളാണിവ. നഗരസഭാ മുൻ ചെയർപേഴ്സണായിരുന്ന വി ടി ഉഷയ്ക്കാണ് മുൻതൂക്കമെങ്കിലും 15-ാം വാർഡിൽ നിന്നുള്ള എൻ കെ റീത്തയ്ക്ക് ചെയർപേഴ്സൺ സ്ഥാനം ഏകദേശം ഉറപ്പിച്ചതായാണ് പിന്നാമ്പുറ സംസാരം. അതേ സമയം 15-ാം വാർഡ് ബി പി എൽ വാർഡായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണറിയാൻ കഴിഞ്ഞത്. എൽ ജെ ഡി യും ആവശ്യമുന്നയിക്കുന്നുണ്ട്.
Discussion about this post