ആലപ്പുഴ: ചെങ്ങന്നൂർ എം സി റോഡില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കാര്‍ യാത്രക്കാരായ ചേർത്തല എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവരെ പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര രജിസ്ട്രേഷനിലുള്ളതാണ് കാർ. കാര്‍ അമിത വേഗതയിലായിരുവെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറയുന്നു.
Discussion about this post