തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ തുടരും. ഐഎന്‍ടിയുസി ഉള്‍പ്പെട്ട ടി ഡി എഫ്, ബി എം എസ്, എ ഐ ടി യു സി എന്നിവരാണ് സമരത്തിലുള്ളത്. സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല.
ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെ എസ് ആര്‍ ടി സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്.
സമരത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയതോടെ ജനം വലഞ്ഞു. തിരുവനന്തപുരം തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള പത്തോളം സര്‍വീസുകളാണ് മുടങ്ങിയത്. വടകരയില്‍ നിന്നുള്ള 11 സര്‍വീസുകള്‍ റദ്ദാക്കി. കോഴിക്കോട് നിന്ന് ഒരു സര്‍വീസ് മാത്രമാണ് നടത്തിയത്.സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റിന്റെ ബസുകളെയും ജോലിക്കു ഹാജരാകുന്ന ജീവനക്കാരെയും തടയില്ലെന്ന് പണിമുടക്കുന്ന സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 93 യുണിറ്റുകളിൽ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെ എസ് ആർ ടി സിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് അനുമാനം. ഭരണാനുകൂല സംഘടനയായ സി ഐ ടി യു സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ ജീവനക്കാർ സമരത്തിന് ഇറങ്ങുകയാണ്. അതുകൊണ്ടുതന്നെ യാത്രാ പ്രതിസന്ധി രൂക്ഷമാകും. തെക്കൻ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെയാവും പണിമുടക്ക് കാര്യമായി ബാധിക്കുക.
Discussion about this post