തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന വേണമെന്ന് ആവശ്യപ്പെട്ട് കെ എസ് ഇ ബി. 18 ശതമാനം വർദ്ധന ആവശ്യപ്പെടുന്ന താരിഫ് പ്ളാൻ ബോർഡ് വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചു. യൂണിറ്റിന് 92 പൈസ കൂട്ടണമെന്നാണ് ബോർഡിന്റെ ആവശ്യം. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമാകും റഗുലേറ്ററി കമ്മിഷൻ പുതിയ നിരക്ക് പ്രഖ്യാപിക്കുക.
2852 കോടിയുടെ റവന്യു കമ്മിയുണ്ടാകുമെന്നാണ് ബോർഡ് കണക്കുകൂട്ടുന്നത്. 2022-23 സാമ്പത്തിക വർഷം യൂണിറ്റിന് 92 പൈസ വർദ്ധിപ്പിച്ചാൽ 2284 കോടി വരുമാനം കണ്ടെത്തുമെന്ന് ബോർഡ് കരുതുന്നു. നിലവിൽ 2019 ജൂലായ് 19ന് അംഗീകരിച്ച നിരക്കാണ് സംസ്ഥാനത്ത് ഇപ്പോഴുളളത്. ഗാർഹിക ഉപഭോക്താക്കൾക്ക് 18.14% ചെറുകിട വ്യവസായ ഉപഭോക്താക്കളുടെ 11.88% വൻകിട വ്യവസായികളിൽ നിന്ന് 11.47% എന്നിങ്ങിനെയുള്ള വർദ്ധനയാണ് ബോർഡ് ആവശ്യപ്പെടുന്നത്.
വൻകിട കാർഷിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 5.67രൂപ എന്നത് 6.86 രൂപയും ചെറുകിട കാർഷിക ഉപഭോക്താക്കൾക്ക് 2.75 രൂപ എന്നത് 3.64 രൂപയും കൊച്ചി മെട്രോയുടേത് 6.46 എന്നത് 7.18 രൂപയായും വർദ്ധിപ്പിക്കാനാണ് കെഎസ്‌ഇബിയുടെ ആവശ്യം.
Discussion about this post