
പയ്യോളി: കെ എസ് ഇ ബി മേലടി സെക്ഷൻ ഓഫീസ് കെട്ടിടവും പരിസരവും മഴ പെയ്തതോടെ ദുരിതപൂർണമായി. 36 ചതുരശ്ര കിലോമീറ്ററിലും 20,600 ഉപഭോക്താക്കളിലുമായി വ്യാപിച്ചുകിടക്കുന്ന കെ എസ് ഇ ബി മേലടി സെക്ഷൻ ഓഫീസാണ്, ഓഫീസ് കെട്ടിടത്തിൻ്റെ അപര്യാപ്തത, പരിസരത്തെ മാലിന്യ പ്രശ്നങ്ങൾ, അമിത ജോലിഭാരം തുടങ്ങിയവ കാരണം ശ്വാസം മുട്ടുന്നത്.

ഓഫീസ് കെട്ടിടം പലയിടത്തും ചോർന്നൊലിക്കുന്നത് വിലപിടിച്ച ഉപകരണങ്ങളുടെ സുരക്ഷിതത്വം ഇല്ലാതാക്കുന്നു. യു പി എസ്, ബാറ്ററി, കാഷ് കൗണ്ടറിലെ കമ്പ്യൂട്ടർ എന്നിവ ഇടയ്ക്കിടെ മാറ്റി സ്ഥാപിക്കേണ്ടി വരുന്നു.
ഡിജിറ്റൽ മീറ്ററുകൾ മഴ നനയാതിരിക്കാൻ ബുദ്ധിമുട്ടുകയാണിവർ. ജോലി പൂർത്തീകരിച്ച് തിരിച്ചെത്തുന്ന ജീവനക്കാർ ഉപയോഗിക്കുന്ന വിശ്രമമുറിയും ചോർന്നൊലിക്കുകയാണ്. ഓഫീസിന് ചുറ്റും മലിനജലം കെട്ടിക്കിടക്കുകയാണ്.
ഡിജിറ്റൽ മീറ്ററുകൾ മഴ നനയാതിരിക്കാൻ ബുദ്ധിമുട്ടുകയാണിവർ. ജോലി പൂർത്തീകരിച്ച് തിരിച്ചെത്തുന്ന ജീവനക്കാർ ഉപയോഗിക്കുന്ന വിശ്രമമുറിയും ചോർന്നൊലിക്കുകയാണ്. ഓഫീസിന് ചുറ്റും മലിനജലം കെട്ടിക്കിടക്കുകയാണ്.
പരിസരത്ത് എവിടെ മഴപെയ്താലും വെള്ളമൊലിച്ചെത്തി ഓഫീസിന് മുന്നിൽ കെട്ടി നിൽക്കും. കൊതുക് പെരുകും. ഇഴജന്തുക്കളുടെ ഭീഷണിയും പ്രദേശത്തുണ്ട്. ഓഫീസിലെത്തുന്ന ഉപഭോക്താക്കളും ജീവനക്കാരും ചുറ്റുമുള്ള മലിന ജലം ചവുട്ടി വേണം ഓഫീസിലെത്താൻ.

കെ എസ് ഇ ബി മേലടി സെക്ഷനിൽ 42 ജീവനക്കാരാണുള്ളത്. ഇതിൽ മൂന്ന് പേർ ഓഫീസ് ഡ്യൂട്ടിയിലും മറ്റുള്ളവർ ഫീൽഡിലുമാവുമുണ്ടാവുക. മൂന്ന് മേഖലകളായി തിരിച്ച് 6 ലൈൻമാൻമാരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപണികളും മറ്റും നടക്കുന്നത്. മഴക്കാലമായതോടെ ജീവനക്കാരുടെ ദുരിതവുമേറി. മരം വീണും മറ്റും കേടുപാടുകൾ സംഭവിക്കുന്ന പോസ്റ്റുകളും ഇലക്ട്രിക് ലൈനുകളും അറ്റകുറ്റപ്പണികൾ നടത്തേണ്ടത് പലയിടത്തും കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്നാവേണ്ടിവരുന്നത് ജീവനക്കാർക്ക് ഭീഷണിയാവുകയാണ്.

ഇവിടങ്ങളിൽ രണ്ടോ മൂന്നോ ദിവസം ജോലി ചെയ്യേണ്ടി വരുന്നത് ജീവനക്കാരെ അസുഖ ബാധിതരാക്കുന്നു. മലിനജലത്തിൽ ചവിട്ടി ചൊറിച്ചിലുണ്ടാവുകയും കാലുകളിലെ തൊലിയുരിഞ്ഞ് പോവുകയും വ്രണമായി മാറുകയും ചെയ്യുന്നതോടെ ജോലി നിർവഹിക്കാനാകാതെ അവധിയെടുക്കേണ്ടി വരുന്നു. ഇങ്ങിനെ ദിവസവും ഒന്നോ രണ്ടോ പേർ അവധിയിലാവുന്നത് മറ്റു ജീവനക്കാർക്ക് അമിത ജോലിഭാരമുണ്ടാക്കുന്നു. ഇതാണ് പലപ്പോഴും പരാതി പരിഹാരത്തിന് കൃത്യത പാലിക്കുന്നതിൽ വീഴ്ചയുണ്ടാക്കുന്നതെന്ന് അധികൃതർ പറയുന്നു.

ദുരിതങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണുന്നതിന് ഓഫീസ് പുതിയ, നല്ല കെട്ടിടത്തിലേക്ക് മാറുകയാണ് പോംവഴിയെന്നാണ് ജീവനക്കാരും അധികൃതരും പറയുന്നത്. ഇതിനായി പലയിടത്തും അന്വേഷിച്ചുവെങ്കിലും ഇതുവരെ സൗകര്യങ്ങളോടെയുള്ള കെട്ടിടം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ദുരിതങ്ങൾക്കറുതി വരുന്ന പുലരിക്കായുള്ള കാത്തിരിപ്പിലാണ് പയ്യോളി കെ എസ് ഇ ബി മേലടി സെക്ഷനിലെ ജീവനക്കാർ.

എപ്പോഴും വിമർശിക്കപ്പെടുന്ന ഒരു വിഭാഗമാണ് കെ എസ് ഇ ബി ജീവനക്കാർ. രാവും പകലുമില്ലാതെ ജോലി. പലപ്പോഴും, കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ കഴിയാതെ വളരെ വൈകി മാത്രം വീടണയുന്നവർ. പെരുമഴയത്തും പൊരിവെയിലത്തും ഏതെങ്കിലും പോസ്റ്റിന് മുകളിലോ പരാതികൾ പരിഹരിക്കുന്നതിനോ ബദ്ധശ്രദ്ധരായി അവരുണ്ടാകും. എന്നാലും, എത്രയായാലും വിമർശിക്കപ്പെടും. അതൊരു സാമൂഹ്യ ക്രമമാണ്.








































Discussion about this post