കോട്ടയം: വൈദ്യുതി ബില്ലിന്‍റെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായും ആളുകൾ തട്ടിപ്പിനിരയാകാതെ സൂക്ഷിക്കണമെന്നും അധികൃതർ. പണം എത്രയും വേഗം അടച്ചില്ലെങ്കിൽ അഥവാ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിലുള്ള ചില വ്യാജ മൊബൈൽ സന്ദേശങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
സന്ദേശത്തിലെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാൽ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന സംസാരിച്ച് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് ഉപയോക്താവിന്‍റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുന്ന ശൈലിയാണ് തട്ടിപ്പ്.
ഇത്തരം വ്യാജ സന്ദേശങ്ങളോട് പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് പോലീസും കെഎസ്ഇബിയും അറിയിച്ചു. കെഎസ്ഇബി അയക്കുന്ന സന്ദേശങ്ങളിൽ അടയ്ക്കേണ്ട ബിൽ തുക, 13 അക്ക കണ്‍സ്യൂമർ നന്പർ, സെക്ഷന്‍റെ പേര്, പണമടയ്ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും.
ഒരു ഘട്ടത്തിലും ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒടിപി തുടങ്ങിയവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ കെഎസ്ഇബി ആവശ്യപ്പെടുന്നതല്ല. അത്തരം വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുത്. ബിൽ പേയ്മെന്‍റ് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ എത്രയും വേഗം 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നന്പരിലോ കെഎസ്ഇബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.
Discussion about this post