കൊയിലാണ്ടി: നഗരസഭയിലെ പതിനേഴാം വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്തുകണ്ടിയുടെ വീട്ടിൽ നാടകീയ രംഗങ്ങൾ. പണമടച്ചില്ലെന്ന് പറഞ്ഞ് ഫ്യുസ് ഊരാൻ വന്ന കെ എസ് ഇ ബി ജീവനക്കാരന്റെ വക വീട്ടുകാർക്ക് നേരെ അസഭ്യ വർഷം. പണമടച്ചെന്ന് പറഞ്ഞിട്ടും അധിക്ഷേപം തുടർന്നെന്നും വീട്ടുകാർ പറയുന്നു.
തിങ്കളാഴ്ച രാവിലെയാണ് രജീഷ് ഓൺലൈൻ വഴി കെ എസ് ഇ ബി ബിൽ അടയ്ക്കുന്നത്.
വൈകുന്നേരം മൂന്നുമണിയോടെ കറണ്ട് ബില്ല് അടച്ചിട്ടില്ലാത്തതിനാല്‍ വൈദ്യുതി കട്ട് ചെയ്യാന്‍ വന്നതാണെന്ന് പറഞ്ഞ് കെ എസ് ഇ ബി ജീവനക്കാരനായ ഷാജി വീട്ടിലെത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന രജീഷിന്റെ ഭാര്യയും, മകനും കറന്റ് ബില്ല് രാവിലെ ഒമ്പതുമണിക്ക് തന്നെ അടച്ചതാണെന്നും, ഓണ്‍ലൈന്‍ സേവനകേന്ദ്രം വഴിയാണ് അടച്ചതെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ജീവനക്കാരന് മടങ്ങിപ്പോകാന്‍ തയ്യാറായില്ല. വൈദ്യുതി ബില്ല് ഇതുവരെ അടിച്ചിട്ടില്ലെന്നും കറന്റ് ബില്ല് അടക്കാതെ ഉഡായിപ്പ് കളിക്കുകയാണെന്നും പറഞ്ഞ് ഭാര്യയോടും മകനോടും ജീവനക്കാരൻ മോശമായി
പെരുമാറിയെന്ന് രജീഷ് പറയുന്നു. സംഭവം വാക്ക് തർക്കമായതോട് കൂടി ഭാര്യ രജീഷിനെ വിളിച്ച് വരുത്തുകയായിരുന്നു. പതിനഞ്ച് മിനിറ്റിനകം രജീഷ് വീട്ടിലെത്തി ബില്ലടച്ച കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരന് അത് ചെവിക്കൊള്ളാൻ തയ്യാറായില്ല. വീട്ടില്‍ കറണ്ടുണ്ടോയെന്ന് നോക്കട്ടെയെന്നു പറഞ്ഞ് വീട്ടിനകത്തേക്ക് കയറാന്‍ ശ്രമിച്ച
ജീവനക്കാരനോട് മീറ്റര്‍ പുറത്താണെന്നും അവിടെ നോക്കിക്കോളൂ എന്ന് പറഞ്ഞ രജീഷിനെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നും പരാതിയിൽ പറയുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് രജീഷിനെതിരെ കെ എസ് ഇ ബി യും പരാതി നല്‍കിയിട്ടുണ്ട്. ജീവനക്കാരന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നുമാണ് കെ എസ് ഇ ബി നല്കിയ പരാതിയില്‍ പറയുന്നത്. ഓൺലൈൻ ബില്ലിങ്ങിലെ സാങ്കേതിക പ്രയാസത്തിന് ഇത്രയും വലിയ കോലാഹലം വേണോ എന്നാണ് കെ എസ് ഇ ബി യോട് നാട്ടുകാരുടെ ചോദ്യം..!
Discussion about this post