കോഴിക്കോട്: സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരനെ സ്ഥലംമാറ്റി കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്പ്പറേഷന് ‘മാതൃകയായി’. ചാലക്കുടി കൊരട്ടി ഷാപ്പിലെ എല്‍ ഡി ക്ലാര്‍ക്ക് കെ വി ഭാസ്ക്കരനെ സ്ഥലം മാറ്റിക്കൊണ്ടാണ് കെ എസ് ബി സി എം ഡിയുടെ വിചിത്രമായ ഉത്തരവ് വന്നത്. ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് മികച്ച സേവനത്തിനുള്ള പ്രശസ്തി പത്രം നേടിയ വ്യക്തികൂടിയാണ് കെ വി ഭാസ്കരൻ.
അതേ സമയം സ്ഥലം മാറ്റ ഉത്തരവിനെതിരെയും അപ്രായോഗികമായ പരിഷ്കാരങ്ങൾ നടപ്പിപിലാക്കാൻ ശ്രമിക്കുന്നു എന്നും ആരോപിച്ച് ഐ എൻ ടി യു സി രംഗത്തെത്തി. സംഘടനയിലെ അംഗങ്ങളെ രാഷ്ട്രീയ വൈരാഗ്യത്തോടെ സ്ഥലം മാറ്റുകയാണ് എന്നാണ് പ്രധാന ആരോപണം.
നിരവധി പുതിയ പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തി ജീവനക്കാരെ നട്ടംതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ തലങ്ങും വിലങ്ങും ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്യുകയാണെന്നും കുറ്റപ്പെടുത്തുന്നു. പഞ്ചിക്കൽ, തിരൂർ ഷോപ്പുകളിലെ അഞ്ചോളം ജീവനക്കാരെ സ്ഥലം മാറ്റി. അളവില്‍ കൂടുതല്‍ മദ്യം വിറ്റുവെന്ന കാരണം പറഞ്ഞാണ് തിരൂർ ഷോപ്പിലെ സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതില്‍ ഐ എന്‍ ടി യു സി യൂണിയനില്‍ പെട്ടവരെ എറണാകുളത്തേക്കും സി ഐ ടി യുവില്‍പ്പെട്ട ജീവനക്കാരനെ സ്വന്തം സ്ഥലത്തേക്കുമാണ് സ്ഥലം മാറ്റിയത്. എറണാകുളത്തേക്ക് സ്ഥലം മാറ്റപ്പെട്ടവരാകട്ടെ തൃശൂര്‍ സ്വദേശികളുമാണ്.
തൃശൂര്‍ ജില്ലയിലെ പഞ്ചിക്കല്‍ ഷാപ്പില് ജീവനക്കാർ അനുവാദം കൂടാതെ അവധിയെടുത്തതിനെ തുടര്‍ന്ന് ഷോപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. അഞ്ച് ജീവനക്കാരാണ് അന്ന് അവധിയില്‍ പോയത്. അഞ്ച് പേര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആര് എം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും, ഭരണപക്ഷ യൂണിയന്റെ രണ്ടുപേരെ ഒഴിവാക്കിയാണ് നടപടി സ്വീകരിച്ചതെന്നും ഐ എൻ ടി യു സി ആരോപിക്കുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂർ ഷോപ്പിലെ ജീവനക്കാരനെയും ദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റി. ഇതിനുപുറമേ തിരുവനന്തപുരത്തുള്ള ഐ എന്‍ ടി യു സി ജീവനക്കാരെ എറണാകുളം ജില്ലയിലേക്കും മാറ്റി നിയമിച്ചു. ഐ എന്‍ ടി യു സി ജീവനക്കാരെ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്ന പ്രക്രിയ ഉടന്‍ അവസാനപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്പ്പറേഷന് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി യു രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
Discussion about this post