തിരുവനന്തപുരം: വൈദ്യുതി നിരക്ക് ചെറിയ തോതിലെങ്കിലും വർദ്ധിപ്പിക്കേണ്ടി വരും, അല്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബി തയ്യാറാക്കിയ താരിഫ് പെറ്റീഷൻ അംഗീകാരത്തിനായി ഇന്ന് റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കാനിരിക്കെയാണ് വർദ്ധനവ് ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർദ്ധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വർഷം തന്നെ അഞ്ചു പദ്ധതികൾ ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതിയെ കുറിച്ച് തത്കാലം ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനയ്ക്കനുസരിച്ച് ഉത്പാദനം കൂടാത്തതും പുറമെ നിന്ന് കൂടുതൽ വാങ്ങേണ്ടി വരുന്നതും നിരക്ക് വർദ്ധനയ്ക്ക് കാരണമാണ്. വൈദ്യുതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർദ്ധനയാണ് കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്.
Discussion about this post