ലണ്ടൻ∙ 35 വർഷത്തെ ജോലിക്കിടയിൽ 48 വനിതാ രോഗികളെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ കൃഷ്ണ സിങ് കുറ്റക്കാരനെന്നു കണ്ടെത്തി സ്കോട്‌ലൻഡ് കോടതി. ചികിത്സയ്ക്കിടെ വനിതാ രോഗികളെ ചുംബിക്കുക, അനുചിതമായ പരിശോധനകൾ നടത്തുക, അശ്ലീല സംഭാഷണങ്ങൾ പറയുക തുടങ്ങിയവയാണ് കൃഷ്ണ സിങ്ങിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. എന്നാൽ ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ നടന്ന വിചാരണയ്ക്കിടെ കൃഷ്ണ സിങ് കുറ്റം നിഷേധിച്ചു.
1983 ഫെബ്രുവരി മുതൽ 2018 മേയ് വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നത്. ഇന്ത്യയിലെ മെഡിക്കൽ പരിശീലന സമയത്ത് താൻ പഠിച്ച ചില പരിശോധനാ രീതികളാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണ രോഗികളെ ലൈംഗികമായി ദുരുപയോഗം
ചെയ്തത്. മെഡിക്കൽ സേവനങ്ങളിലെ സംഭാവനയ്ക്ക് റോയൽ മെംബർ ഓഫ് ഓർഡർ ഓഫ് ബ്രിട്ടിഷ് എംപയർ ബഹുമതി ലഭിച്ചയാളാണ് ഡോ.കൃഷ്ണ സിങ്.
2018ൽ, കൃഷ്ണ സിങ്ങിന്റെ ചികിത്സയ്ക്കു വിധേയമായ ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്യുന്നത്. പിന്നാലെ നിരവധി സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയതോടെ 54 കേസുകൾ കൃഷ്ണയ്ക്കെതിരെ റജിസ്റ്റർ ചെയ്തു. ഇതിൽ രണ്ടെണ്ണത്തിൽ കൃഷ്ണ സിങ് കുറ്റക്കാരനല്ലെന്നു കോടതി വിധിച്ചു. കൃഷ്ണ സിങ്ങിനുള്ള ശിക്ഷ അടുത്ത മാസം വിധിക്കും. കോടതിയിൽ പാസ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്നു ഇയാളെ ജാമ്യത്തിൽ വിട്ടു.
Discussion about this post