
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ ജാതിവിവേചനവും പൗരാവകാശ ലംഘനവുമടക്കമുള്ള വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം നടക്കണമെന്ന് കെ കെ രമ എം എൽ എ പറഞ്ഞു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ നാരായണൻ തൽസ്ഥാനത്ത് നിന്ന് രാജിവച്ചതായി അറിയുന്നു. കാലാവധി കഴിഞ്ഞതു കൊണ്ട് രാജിവച്ചു എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇങ്ങനെ രാജിവച്ചൊഴിഞ്ഞാൽ മാത്രം തീരുന്നതല്ല അവിടുത്തെ വിദ്യാർത്ഥി സമര നേതൃത്വം ഉന്നയിച്ച സാമൂഹ്യനീതിയുടെയും മനുഷ്യാന്തസ്സിന്റെയും പ്രശ്നങ്ങൾ.

അതിശക്തമായ നിയമനടപടികൾ അനിവാര്യമായ ദളിത് പീഡനവും വിദ്യാർത്ഥി പീഡനവും അവിടെ അരങ്ങേറിയിട്ടുണ്ട്. അത്യന്തം സ്ത്രീ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ പരാമർശങ്ങൾ നടത്തിക്കൊണ്ട് ഡയറക്ടറെ ന്യായീകരിച്ച ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഇപ്പോഴും തൽസ്ഥാനത്ത് തുടരുന്നുണ്ട്. സമയാനുസൃതമായി നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം സ്ഥാപനം അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി ഡയറക്ടർക്ക് രാജിവച്ചൊഴിയാനുള്ള അവസരമൊരുക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.

ഈ വിഷയങ്ങൾ കൂടി പരിഹരിക്കപ്പെട്ടാലേ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് രാഷ്ട്രീയ പരിഹാരമാവൂ. അതിനുളള സമർദ്ദങ്ങൾ ജനാധിപത്യ കേരളം തുടരേണ്ടതുണ്ട്.കഴിഞ്ഞ ദിവസം ഇൻസ്റ്റിറ്റ്യുട്ട് സന്ദർശിക്കുകയും സമരമുഖത്തുള്ള വിദ്യാർത്ഥികളെയും ജാതി വിവേചനത്തിന് ഇരയാക്കപ്പെട്ട തൊഴിലാളികളെയും കണ്ട് വിശദമായി കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയിരുന്നു. ഇതുസംബന്ധിച്ച അടിയന്തിര നിയമനടപടികൾ ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രിക്കും ഡി ജി പിക്കും കത്ത് നൽകിയിട്ടുണ്ടെന്നും കെ കെ രമ അറിയിച്ചു.

Discussion about this post