കൊച്ചി: അന്തരിച്ച നടി കെ പി എ സി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ചടങ്ങുകൾ. മൃതദേഹം രാവിലെ എട്ട് മുതൽ പതിനൊന്നര വരെ തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംഗീതനാടക അക്കാഡമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. ഇന്നലെ രാത്രി 10. 45നാണ് കെ പി എ സി ലളിത വിടവാങ്ങിയത്. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ളാറ്റിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
മലയാളത്തിൻ്റെ നടന വിസ്മയമായ കെ പി എ സി ലളിതയുടെ നിര്യാണത്തിൽ ജീവിതത്തിൻ്റെ വിവിധ മേഖലയിലുള്ളവർ അനുശോചിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ
വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ കെ പി എ സി ലളിത, ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതമെന്നും സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെ പി എ സി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയായ കെ.പി.എ.സി ലളിതയ്ക്ക് ആദരാജ്ഞലി. അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവർ അനുപമമാക്കി. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രി… സ്വാഭാവിക അഭിനയത്തിന്റെ പാഠശാല… നാടകവേദി മൂർച്ച കൂട്ടിയതാണ് കെ.പി.എ.സി ലളിതയുടെ അഭിനയ പാടവം.
കേരള സംഗീത നാടക അക്കാദമി അധ്യക്ഷയെന്ന നിലയിലും അവർ പ്രവർത്തിച്ചു. രണ്ടോ മൂന്നോ തലമുറകൾക്കൊപ്പം സഞ്ചരിച്ച അഭിനേത്രിയാണ് കെ.പി.എ.സി ലളിത. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്ക് അവസാനം . ആ വലിയ വ്യക്തിത്വത്തിന്, കലാകാരിക്ക് പ്രണാമം.
മോഹൻലാൽ
‘സിനിമ എന്നതിലുപരി ഒരുപാട് ഓർമകൾ ഉണ്ടായിരുന്നു. സ്വന്തം ചേച്ചിയായിരുന്നു…അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞു എന്ന ഗാനമാണ് എന്റെ മനസിൽ. വളരെ കുറച്ച് സിനിമകളിലേ ഞാനും ചേച്ചിയും അമ്മയും മകനുമായി അഭിനയിച്ചിട്ടുള്ളൂ. പക്ഷേ ഒരുപാട് നല്ല സിനിമകൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്.’- മോഹൻലാൽ പറഞ്ഞു.
മമ്മൂട്ടി
മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ടൊരാളെ എനിക്ക് നഷ്‌ടമായിരിക്കുന്നുവെന്നാണ് ഫേസ്‌ബുക്കിലെ അനുശോചന കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞത്.
രൺജി പണിക്കർ
ഏറ്റവും വ്യത്യസ്തയായ അഭിനയ പ്രതിഭയായിരുന്നു കെ പി എ സി ലളിതയെന്ന് നടൻ രൺജി പണിക്കർ പറഞ്ഞു. നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി
യും ആദരാഞ്ജലി അർപ്പിച്ചു. ‘ എന്നും ഓർത്തിരിക്കാൻ ഒരുപാട് വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ.’- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കെ പി എ സി ലളിതയുടെ നിര്യാണത്തിൽ ചലച്ചിത്ര മേഖലയിലെയും സാമൂഹിക സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെയും പ്രമുഖർ സമൂഹമാദ്ധ്യമങ്ങളിലൂടെ തങ്ങളുടെ ദു:ഖം രേഖപ്പെടുത്തി.
രമേശ് ചെന്നിത്തല. സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എം.എ ബേബി, മന്ത്രി വി.ശിവൻകുട്ടി, നടൻ പൃഥ്വിരാജ്, നടി നമിതാ പ്രമോദ്, മുൻ മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, എംഎം മണി തുടങ്ങി നിരവധി പേരാണ് അനുശോചനം അറിയിച്ചത്.
മഞ്ജു വാര്യർ
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. ‘മോഹൻലാൽ ‘ എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അദ്ധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട…
Discussion about this post