കോഴിക്കോട്: കെ റെയില്‍ കല്ലിടലിനെതിരെ കല്ലായിയിലും പ്രദേശവാസികളുടെ ശക്തമായ ചെറുത്ത് നില്‍പ്പ്. പൊലീസുകാർ പ്രതിഷേധക്കാരായ സ്ത്രീകളെ മർദിച്ചു. പൊലീസ് ലാത്തി കൊണ്ട് കുത്തിയെന്ന് സ്ത്രീകൾ ആരോപിച്ചു. വേദന കൊണ്ട് സ്ത്രീകൾ പൊട്ടിക്കരഞ്ഞു.
സ്ഥലത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബലം പ്രയോഗിച്ചാണ് ഇവരെ പൊലീസ് ജീപ്പിലേക്ക് മാറ്റിയത്. പൊലീസുമായി ഉണ്ടായ ഉന്തിനും തള്ളിനുമിടയില്‍ ഒരു സ്ത്രീ കുഴഞ്ഞുവീണു. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥർ 6 കല്ലുകൾ സ്ഥാപിച്ചു.
മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കല്ലിടാന്‍ എത്തിയത് മുന്‍കൂട്ടി അറിയിക്കാതെ ആണെന്ന് അവര്‍ ആരോപിച്ചു. സര്‍വേ കല്ല് സ്ഥാപിക്കുന്നതിന് ചുറ്റും പൊലീസ് വട്ടം കൂടി നിന്ന് സുരക്ഷ ഒരുക്കി. കല്ല് ഉറപ്പിക്കുന്നത് വരെ പൊലീസ് കാവല്‍ തുടര്‍ന്നു.
എറണാകുളം തിരുവാങ്കുളത്തും കല്ലിടലിനെതിരെ പ്രതിഷേധം നടന്നു. പ്രതിഷേധിക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നും ഉദ്യേഗസ്ഥരുടെ ഭാഗത്തുനിന്നും തുടരുകയാണ്. മാമലയില്‍ ജനകീയ പ്രതിഷേധം കണക്കിലെടുക്കാതെ പൊലീസ് സംരക്ഷണയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ പുരോഗമിക്കുകയാണ്
അതേസമയം സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. മാര്‍ച്ച് തടയാന്‍ പൊലീസ് ശ്രമിച്ചതോടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചങ്ങനാശ്ശേരിയില്‍ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ തുടരുകയാണ്.
Discussion about this post