കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോടും. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ(NCRB) ഏറ്റവും പുതിയ വിവരങ്ങളനുസരിച്ചു രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളില്‍ പത്താം സ്ഥാനത്താണ് കോഴിക്കോട്.
ഈ പട്ടികയില്‍ ആദ്യ പത്തിലുള്ള കേരളത്തിലെ ഏകനഗരവും കോഴിക്കോടാണ്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എന്‍.സി.ആര്.ബി ഈ പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമവും മറ്റു പ്രത്യേക നിയമങ്ങളും പ്രകാരമുള്ള കേസുകളാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. ആദ്യ പത്തു സുരക്ഷിത നഗരങ്ങളില്‍ പകുതിയും ദക്ഷിണേന്ത്യയിലാണ്.
20ലക്ഷത്തിന് മുകളില്‍ ജനസംഖ്യ വരുന്ന 19 നഗരങ്ങള്‍ക്കിടയിലാണ് റാങ്കിങ് നല്‍കിയിരിക്കുന്നത്. കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കൊല്‍ക്കത്ത ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ലക്ഷം പേരില്‍ 78.2 കുറ്റകൃത്യങ്ങള്‍ മാത്രമാണ് കൊല്‍ക്കത്തയില്‍ നടക്കുന്നത്. രണ്ടാം സ്ഥാനത്ത് ചെന്നൈയും മൂന്നാം സ്ഥാനത്ത് കോയമ്പത്തൂരുമാണ്.
എന്‍.സി.ആര്.ബി കണക്ക് പ്രകാരം കോഴിക്കോട് ഒരു ലക്ഷം ജനങ്ങള്‍ക്ക് 397.5 കുറ്റകൃത്യങ്ങളാണുള്ളത്. സൂറത്ത്, പുണെ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, മുംബൈ എന്നിവയാണ് നാലുമുതല്‍ ഒന്‍പത് വരെ സ്ഥാനങ്ങളില്‍.
Discussion about this post