കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരന്‍ മുഖത്തടിച്ചതായി പരാതി. മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരനാണ് മര്‍ദിച്ചതെന്ന് പറയുന്നു.
ബുധനാഴ്ച രാവിലെയാണ് സംഭവം.
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ സക്കീനയ്ക്കാണ് മര്‍ദനമേറ്റത്. മകനും ഭാര്യയ്ക്കും മകൻ്റെ കുഞ്ഞിനുമൊപ്പം മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയതായിരുന്നു സക്കീന. അകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അകത്തുള്ള മരുമകള്‍ക്ക് ചികിത്സാ രേഖകള്‍ കൈമാറാന്‍ വേണ്ടിയാണ് സക്കീന മാതൃശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയതത്രെ. എന്നാൽ സുരക്ഷാജീവനക്കാരന്‍ കൂടുതല്‍പേരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞു. തുടർന്ന് സുരക്ഷാ ജീവനക്കാരന്‍ സക്കീനയെ തള്ളി മാറ്റിയെന്നും തുടര്‍ന്നുണ്ടായ വാക്ക് തർക്കത്തിന് പിന്നാലെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും സക്കീന പറയുന്നു. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാരന്‍ ഫോണ്‍ പിടിച്ച് വാങ്ങി മുഖത്തടിക്കുകയായിരുന്നു എന്നും സക്കീന പറയുന്നു.
സംഭവസമയത്ത് വനിതാ സുരക്ഷാജീവനക്കാര്‍ ഇല്ലായിരുന്നുവെന്നും സുരക്ഷാ ജീവനക്കാരനെതിരേ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. സുരക്ഷാ ജീവനക്കാരനെ ഇനി കണ്ടാലും തിരിച്ചറിയുമെന്നും ചോദിക്കാന്‍ പോയ മകനും മര്‍ദനമേറ്റതായും സക്കീന പറഞ്ഞു.
Discussion about this post