കൊയിലാണ്ടി: പലപ്പോഴും ആഘോഷങ്ങളും മറ്റു ചടങ്ങുകളും കഴിയുന്നതോടെ സ്ഥലം വിടുകയെന്നതാണ് സാധാരണ നമ്മുടെയൊക്കെയൊരു ശീലം. എന്നാൽ, പുളിയഞ്ചേരിയിലെ കൗൺസിലറും കൂടെയുള്ളവരും ഇതിനൊരപവാദമാകുകയാണ്. ഇവർ ആഘോഷം കഴിഞ്ഞതോടെ പൊടി തട്ടി എഴുന്നേറ്റു പോയില്ല. പകരം, മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരിച്ചു. പറഞ്ഞു വരുന്നത്, പുളിയഞ്ചേരി – ശക്തൻ കുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്തെ വയലുകളിലും ഇടവഴികളിലും റോഡിന്റെ വശങ്ങളിലുമെല്ലാം അലക്ഷ്യമായി ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞിരുന്നു. ഇവ വാർഡ് കൗൺസിലർ ടി പി ശൈലജയുടെ നേതൃത്വത്തിൽ ശേഖരിച്ചു പരിസരം വൃത്തിയുള്ളതാക്കി മാറ്റി. ഹരിത കർമ സേന വളണ്ടിയർ എ കെ ശ്രീജ, ദാസൻ മരക്കുളത്തിൽ, സുജിത് കാളിച്ചേരി, ശ്രീധരൻ പഞ്ഞാട്ട് എന്നിവരും കൗൺസിലറുടെ കൂടെ ഒന്നിച്ചു നിന്ന് ശുചീകരണത്തിന് നേതൃത്വം നൽകി.
Discussion about this post