കൊയിലാണ്ടി: സി ഐക്കും പോലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കർശന നിയന്ത്രണമേർപ്പെടുത്തി.
സി.ഐ. എൻ. സുനിൽ കുമാറിന് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്റ്റേഷനിൽ അവശ്യങ്ങൾക്കായി എത്തുന്നവർ സ്വയം നിയന്ത്രണം പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ജില്ലയിലെ ഏറ്റവും കൂടുതൽ ജോലിഭാരം കൂടിയ കൊയിലാണ്ടി സ്റ്റേഷനിൽ നിലവിൽ പോലീസുകാരുടെ എണ്ണക്കുറവ് പലപ്പോഴായി പോലീസുകാരെ കുഴക്കുന്നുണ്ട്. പരാതിയുമായി വരുന്നവരുടെ എണ്ണം വർദ്ധിക്കുമ്പോഴും സുതാര്യമായി കാര്യങ്ങൾ നീക്കാൻ കഴിയാത്തത് പലപ്പോഴായി വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നതായി പോലീസുകാരും സമ്മതിക്കുന്നു. അതിനിടയിലാണ് 12 പേർക്ക് കോവിഡ് ബാധിച്ച് പലരും ലീവിലായത്. ക്വോറൻ്റൈനിൽ കഴിയുന്നവർ വേറെയുമുണ്ട്.
കഴിഞ്ഞ കോവിഡ് കാലത്ത് പോലീസുകാർക്ക് വിശ്രമമില്ലാതെ അധിക ഡ്യൂട്ടി നൽകിയതുമായി ബന്ധപ്പെട്ട് ചില പ്രതിഷേധങ്ങൾ സ്റ്റേഷനിൽ ഉണ്ടായിരുന്നു. മാനസിക പിരിമുറുക്കം കാരണം എസ്.ഐ. തലകറങ്ങി വീണ് താലൂക്കാശുപത്രിയിൽ ചികിത്സതേടിയത് വിവാദമായിരുന്നു. ഇപ്പോൾ വീണ്ടും പ്രതിസന്ധി മൂർച്ചിച്ചിരിക്കുകയാണ്. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ 20 ഓളം ജീവനക്കാർക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് താലൂക്കാശുപത്രിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിൻ്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ജനറൽ ഒ.പി. മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും കോവിഡ് വലിയതോതിൽ പിടികൂടിയതോടെ കൊയിലാണ്ടിയിലെ ക്രമസമാധാനവും കോവിഡ് പ്രതിരോധവും പിടിവിട്ട്പോകുമെന്നാണ് ആശങ്ക. പൊതുജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും നഗരസഭയുമായി പൂർണ്ണമായും സഹകരിക്കണമെന്നും ചെയർപേഴ്സൺ കെ.പി. സുധ പറഞ്ഞു.
Discussion about this post