കൊയിലാണ്ടി: അരിക്കുളം എൽ പി സ്കൂൾ പ്രധാനാധ്യാപകനായ ഡി.ആർ ഷിംജിത്തിനെ അകാരണമായി സസ്പെന്റ് ചെയ്ത നടപടി മാനേജർ പിൻവലിക്കണമെന്നും സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കെ എസ് ടി എ അരിക്കുളം – കാവുംവട്ടം സംയുക്ത കൺവൻഷൻ ആവശ്യപ്പെട്ടു. നിലവിൽ ക്ലാസ് ചാർജ് കൂടി വഹിക്കുന്ന അധ്യാപകനെ സസ്പെന്റ് ചെയ്തത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചിരിക്കയാണ്. മാർച്ച് അവസാനം പാഠഭാഗങ്ങൾ തീർക്കാനുളള ശ്രമത്തിലാണ് അധ്യാപകർ. നിലവിലെ അധ്യാപകർക്ക് അധിക പ്രവൃത്തി ചെയ്യേണ്ട അവസ്ഥയാണ് സസ്പെൻഷൻ മൂലം വന്നിരിക്കുന്നത്. സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷയിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനം തൊട്ടടുത്തുള്ള വായനശാലയിലാണ് നടന്നു വരുന്നത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആശങ്കകൾ അകറ്റി സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്ന നടപടി മാനേജ്മെന്റ് സ്വീകരിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
കെ എസ് ടി എ
കോഴിക്കോട് ജില്ലാ എക്സി. അംഗം ഡി കെ ബിജു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വി അരവിന്ദൻ അധ്യക്ഷത വഹിച്ചു..സബ് ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ സി, ജിബിൻ സി എ പ്രസംഗിച്ചു. പ്രവീൺ കുമാർ ബി കെ സ്വാഗതവും പി ഷിജു നന്ദിയും പറഞ്ഞു.
Discussion about this post