കൊയിലാണ്ടി: ഗവ.താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് യു ഡി എഫ് കൗൺസിലർമാർ കൊണ്ടു വന്ന അടിയന്തര പ്രമേയം നഗരസഭ ചെയർപേഴ്സൺ തള്ളിയതിൽ യു ഡി എഫ് കൺസിലർമാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രമേയം ചർച്ചയ്കെടുക്കേണ്ടി വന്നു.
താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിച്ച് കൂടുതൽ ഡോക്ടർമാരെ നിയോഗിക്കാനും ആശുപത്രിയുടെ പ്രവർത്തനം പാവപ്പെട്ടരോഗികൾക്ക് ആശ്വാസകരമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറിനോടാവശ്യപ്പെടുന്ന അടിയന്തരപ്രമേയമാണ് ചെയർപേഴ്സൻ തള്ളിയത്. പ്രമേയം തള്ളിയതിനെ ശക്തമായി എതിർത്ത യു.ഡി.എഫ്. കൗൺസിലർമാരുടെ പ്രതിഷേധത്തിനൊടുവിൽ ചെയർപേഴ്സന് പ്രമേയം ചർച്ചയ്കെടുക്കേണ്ടി വന്നത്.
രണ്ടായിരത്തോളം രോഗികൾ ദിനംപ്രതി ആശുപത്രിയിൽ എത്തുമ്പോൾ അവരെ പരിശോധിക്കാൻ ഡോക്ടർമാരില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കോവിഡും പകർച്ചപ്പനിയും ദിനേന കൂടി വന്നിട്ടും പനി ക്ലിനിക്ക് ആശുപത്രിയിൽ ഇതുവരെ ആരംഭിച്ചിട്ടില്ല.
പനിയുമായി വരുന്ന രോഗികൾ അഞ്ച് മണിക്കൂറിലേറെ ക്യൂവിൽ നിൽക്കേണ്ട ഗതികേടാണ് ഈ ആശുപത്രിയിൽ കണ്ടുവരുന്നത്. രാത്രികാലങ്ങളിൽ ഒരു ഡോക്ടർ മാത്രമാണ് രോഗികളെ പരിശോധിക്കാൻ ഈ വലിയ ആശൂപത്രിയിലുള്ളത്. ആശുപത്രിയിലെ സൂപ്രണ്ടിൻ്റെ ഒഴിവ് ഒരു വർഷമായിട്ടും നികത്താൻ പോലും കഴിഞ്ഞിട്ടില്ല.
ഇങ്ങനെ നിരവധി ആവശ്യങ്ങൾ ആശുപത്രിയിൽ നടപ്പിലാക്കുന്നതിനു വേണ്ടി യു ഡി എഫ് കൗൺസിലർമാരായ എ അസീസും മനോജ് പയറ്റുവളപ്പിലും കൊണ്ടുവന്ന അടിയന്തര പ്രമേയമാണ് ചെയർപേഴ്സൺ ആദ്യം തള്ളുകയും, കൗൺസിലർമാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ പ്രമേയം ചർച്ചയ്ക്കിടുക്കാൻ തയ്യാറാവുകയും ചെയ്തത്.
പാവങ്ങളായ രോഗികളുടെ ആവശ്യം ഉയർത്തി കാട്ടുന്ന പ്രമേയം തള്ളിയ ചെയർപേഴ്സെൻ്റെ നടപടിയിൽ യു ഡി എഫ് കൗൺസിൽ പാർട്ടി യോഗം ശക്തമായി പ്രതിഷേധിച്ചു. പി രത്ന വല്ലി, വി പി ഇബ്രാഹിം കുട്ടി, മനോജ് പയറ്റുവളപ്പിൽ, കെ എം സജീബ്, എ അസീസ്, പുനത്തിൽ ജമാൽ, പി പി ഫാസിൽ, വി വി ഫക്രുദ്ധീൻ, രജീഷ് വെങ്ങളത്തു കണ്ടി, വത്സരാജ് കേളോത്ത്, അരീക്കൽ ഷീബ, ദൃശ്യ, റഹ്മത്ത്, ജിഷ പുതിയേടത്ത്, കെ എം സുമതി, ഷൈലജ എന്നിവർ പ്രസംഗിച്ചു.
Discussion about this post