കൊയിലാണ്ടി: ചേലിയ സ്വദേശിയായ യുവതിയുടെ ആത്മഹത്യക്കു പിന്നിൽ വായ്പ ആപ്പുകളെന്ന് സംശയം. മറ്റ് കാര്യമായ സാമ്പത്തിക പ്രയാസങ്ങളില്ലാത്ത ബിജിഷ (31) മരണത്തിനു മുൻപ് ലക്ഷങ്ങളുടെ ഇടപാടുകളാണ് നടത്തിയത്. മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.
കഴിഞ്ഞ ഡിസംബർ 11 നാണ്, സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ബിജിഷയെ കണ്ടെത്തുകയായിരുന്നു. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ബിജിഷയുടെ മരണം ബന്ധുക്കളെയും അയൽവാസികളെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചിരുന്നു. മരണത്തിനു ശേഷം രണ്ടു മാസമാകുന്ന ഘട്ടത്തിലാണ് ബിജിഷയുടെ രണ്ടു ബാങ്ക് അക്കൗണ്ടുകളിലും നിന്നായി 90 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തുന്നത്.
13 ലക്ഷം രൂപയാണ് ഒരാൾക്ക് കൈമാറിയ ഏറ്റവും വലിയ തുക. മറ്റൊരാൾക്ക് 8 ലക്ഷവും നൽകിയിട്ടുണ്ട്. ബാക്കി ഇടപാടുകളെല്ലാം ചെറിയ തുകകളാണ്. ഇവ ആർക്ക്, എന്തിന് നൽകിയെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. ഇതിനു പുറമെ വിവാഹത്തിനു വേണ്ടി പിതാവ് കരുതിവച്ച 35 പവൻ സ്വർണവും ബിജിഷ പണയം വച്ചിട്ടുണ്ട്.
ബിജിഷ ഈ അടുത്ത കാലത്ത് കടുത്ത മാനസിക സംഘര്ഷത്തിലായിരുന്നു എന്നും പറയുന്നു. ആത്മഹത്യയുടെ ഏതാനും ആഴ്ചകൾക്കു മുൻപ് ബിജിഷയെ തേടി നിരന്തരം ഫോൺവിളികൾ വന്നിരുന്നു.
ഇതിൽ പലരോടും സംസാരിക്കാൻ ബിജിഷ ഭയപ്പെട്ടിരുന്നു. മരണത്തിന്റെ അന്നും ബിജിഷയെ തേടി വിവിധ നമ്പറുകളിൽനിന്നു ഫോൺവിളികൾ എത്തി. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലായിരുന്നു ബിജിഷയ്ക്കു ജോലി. ബിഎഡ് ബിരുദധാരിയാണ്. ബിജിഷയെ പോലെ കൂടുതൽ പേർ വായ്പ ആപ്പുകളിൽ അകപ്പെട്ടിട്ടുണ്ടോ എന്നും നാട്ടുകാർ സംശയിക്കുന്നു.
Discussion about this post