തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തതുമായി ബന്ധപ്പെട്ട് ഉച്ചക്കട സ്വദേശി സന്തോഷിനെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് എം എല്‍ എ ഓഫീസിന് മുമ്പില്‍ നിറുത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ത്തത്. ഈ സമയം ഓഫീസില്‍ എം എല്‍ എ ഉണ്ടായിരുന്നു. കസ്റ്റഡിയിലായ സന്തോഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്പിച്ചത്.
സംഭവത്തെ കുറിച്ച് എം എല്‍ എ പറയുന്നത് ഇങ്ങനെ: രാവിലെ ഏഴരയ്ക്ക് സന്ദര്‍ശകരെ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ശബ്ദം കേട്ടത്. കൈയില്‍ വലിയൊരു ഇരുമ്പ് ദണ്ഡുമായെത്തി വണ്ടി അടിച്ച് തകര്‍ക്കുന്നതാണ് കണ്ടത്. നാട്ടുകാര്‍ അപ്പോള്‍ തന്നെ പിടികൂടി. മാനസിക വിഭ്രാന്തിയോടെയായിരുന്നു പെരുമാറ്റം. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും സംശയമുണ്ട്. അഭിനയിക്കുകയാണോ എന്നും സംശയിക്കുന്നു.
മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടും, ശബരിമല സ്ത്രീ പ്രവേശനം തടയാന്‍ ഒന്നും ചെയ്തിട്ടില്ല എന്നൊക്കെ പറഞ്ഞായിരുന്നു ആക്രമണം. ഇയാള്‍ക്കെതിരെ വിഴിഞ്ഞം സ്റ്റേഷനില്‍ കേസുണ്ട്. ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്നും അന്വേഷിക്കണം. നാലു മാസം മുമ്പാണ്് കാര്‍ വാങ്ങിയത്. പഴയ കാര്‍ വിറ്റു കിട്ടിയ തുകയും നിയമസഭയില്‍ നിന്നുള്ള ലോണും കൊണ്ടും വാങ്ങിയതാണ് കാര്‍ എംഎല്‍എ പറഞ്ഞു.
Discussion about this post