കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് കലക്കുന്നം മറ്റക്കര കരിമ്പാനിയിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി. കുത്തേറ്റ് സാരമായി പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ കോട്ടയം മെഡിക്കൽ കൊളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകലക്കുന്നം കരിമ്പാനി തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രനാണ്(60) ഭാര്യ പുഷ്പമ്മ (55)യെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.
പുഷ്പമ്മയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ് സുരേന്ദ്രൻ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. എൽ.ഐ.സി ഏജന്റായ സുരേന്ദ്രനും, ഭാര്യ പുഷ്പമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ദമ്പതികൾക്കു രണ്ടു മക്കളുണ്ട്. ഇവർ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. ശനിയാഴ്ച വൈകിട്ട് സുരേന്ദ്രനും ഭാര്യയും തമ്മിൽ വീട്ടിൽ വച്ച് വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് കത്തി ഉപയോഗിച്ച് പുഷ്പമ്മയെ സുരേന്ദ്രൻ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പുഷ്പമ്മയെ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടയിലാണ് സുരേന്ദ്രൻ തൂങ്ങിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന നിലയിൽ സുരേന്ദ്രനെ കണ്ടെത്തി. ഇവർ കയർ മുറിച്ച് സുരേന്ദ്രനെ താഴെയിറക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്നും കോട്ടയം മെഡിക്കൽ കൊളെജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. സുരേന്ദ്രന്റെ സംസ്‌കാരം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.
Discussion about this post