കോട്ടയം: സിനിമ- സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 4.15 ഓടെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പുലർച്ചെ മൂന്ന് മണിയോടെ സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയതായിരുന്നു. രണ്ട് പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ സജീവമായിരുന്നു.
ഐ വി ശശിയുടെ ‘ഈ നാട് ഇന്നലെവരെ’യാണ് ആദ്യ സിനിമ. ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് ചലച്ചിത്ര ജീവിതം തുടങ്ങിയത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങി എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ്, മകന് പകരം സീനിയർ റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ആദ്യ അവസരം ലഭിക്കുന്നത്. കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. എൽഐസി ജീവനക്കാരനായിരുന്നു. ഭാര്യ: മായ, മക്കൾ: വിഷ്ണു, വൃന്ദ. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കുമാരനല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും.
Discussion about this post